എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ ഡൽഹി പൊലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നടത്തിയ നീക്കങ്ങൾക്കിടെ പിടിവലിയിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.

ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ച് രാഹുൽ ഗാന്ധി ഇന്നലെ രാവിലെ സ്പീക്കർ ഓം ബിർലയെ കണ്ട് ചർച്ചയ്ക്ക് ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ സഭാനടപടികൾ നിർത്തിവെച്ചതിനെ തുടർന്ന്, പൊലീസിന്റെ നരനായാട്ടിൽ പരിക്കേറ്റ് ആർ.എം.എൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ രാഹുൽ സന്ദർശിച്ചു.

തുടർന്ന് പാർലമെന്റ് നടപടികൾ അന്നത്തേക്ക് പൂർണ്ണമായി നിർത്തിവെച്ചതോടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിലേക്ക് എത്തുവാൻ എല്ലാ കോൺഗ്രസ് എം.പിമാരോടും രാഹുൽ ആവശ്യപ്പെടുകയായിരുന്നു. ഖാർഗെയുടെ ജന്മദിനാഘോഷങ്ങൾക്കായാണ് തങ്ങളെ വിളിച്ചതെന്നാണ് എം.പിമാർ ആദ്യം കരുതിയത്. എന്നാൽ അമ്പതോളം എം.പിമാർ സ്ഥലത്തെത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്ന കാര്യം രാഹുൽ വെളിപ്പെടുത്തിയത്.

വൈകുന്നേരം 3.15 ഓടെ ആരംഭിച്ച മാർച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. ഇതിനെ തുടർന്ന് കൂടുതൽ സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിച്ചു. വൈകുന്നേരത്തോടെ അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കുചേർന്നു.

രാത്രി ഏഴുമണിയോടെ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധം അവസാനിപ്പിക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കസ്റ്റഡിയിലായ രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കും പ്രിയങ്കാ ഗാന്ധിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. തുടർന്ന് രാത്രി ഒൻപതുമണിയോടെ എല്ലാ നേതാക്കളെയും പൊലീസ് വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts