കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ) പിടികൂടിയ സംഭവത്തിൽ മലയാളി സൂത്രധാരന്മാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സി.ബി.എൻ) പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ നിന്നും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് മയക്കുമരുന്ന് ഗുളികൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്.
ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോഗ്രാം തൂക്കം വരുന്ന ലഹരിമരുന്നാണ് സി.ബി.എൻ സംഘം പിടിച്ചെടുത്തത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന ശക്തമായ വേദനസംഹാരിയായ ട്രാമഡോൾ, സംഘർഷ മേഖലകളിൽ ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികൾക്കെതിരെയും 1985-ലെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലിബിയയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമം; അന്വേഷണത്തിന് വഴിത്തിരിവായി ‘ഓപ്പറേഷൻ വജ്ര’
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് നടത്തിവരുന്ന ‘ഓപ്പറേഷൻ വജ്ര’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വൻ ലഹരിവേട്ട നടന്നത്. ജൂലൈ 10 നും 20 നും ഇടയിൽ ഗ്വാളിയോറിലെ സി.ബി.എൻ പ്രിവന്റീവ് സംഘം ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലെ ഡി.ആർ.ഐ (DRI) കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.
ഗിനിയ-ബിസാവുവിലേക്ക് കയറ്റി അയക്കാൻ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കിയ ഈ ലഹരിശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നാർക്കോട്ടിക്സ് കൺട്രോൾ ബോർഡുമായും ഗിനിയ-ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സി.ബി.എൻ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളികളായ സൂത്രധാരന്മാരെക്കുറിച്ച് സൂചന ലഭിച്ചത്. നിയമപാലകരിൽ നിന്ന് രക്ഷപ്പെടാൻ ഇവർ പലതവണ ശ്രമിച്ചെങ്കിലും കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടപ്പള്ളിയിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ തുടരന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]