ബെംഗളൂരു: ലഹരിക്കെതിരെ കർശന നടപടികളുമായി കർണാടക സർക്കാർ. സർക്കാരിന്റെ ‘മിഷൻ റൈസ്’, ‘ബേഡ ബ്രോ’ (വേണ്ട ബ്രോ) ലഹരിവിരുദ്ധ യജ്ഞങ്ങളുടെ ഭാഗമായി മലയാളികളും വിദേശികളും ഉൾപ്പെടെ 39 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിന് പുറമേ കേരളം, ഡൽഹി തുടങ്ങിയ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനകളിൽ 55.80 കോടി രൂപയുടെ ലഹരിമരുന്നും ഇടപാടുകാരിൽ നിന്ന് 17 ലക്ഷം രൂപയും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു.
എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ എട്ട് വിദേശികളും കർണാടക സ്വദേശികളായ പത്തുപേരും മലയാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനക്കാരായ 21 പേരും ഉൾപ്പെടുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും കേരളം, ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തിച്ച് കോളേജ് വിദ്യാർഥികൾക്കും ബഹുരാഷ്ട്ര കമ്പനി ജീവനക്കാർക്കും ഇടയിലാണ് സംഘം പ്രധാനമായും വിതരണം ചെയ്തിരുന്നത്. ബെംഗളൂരു പൊലീസിന്റെ 16 യൂണിറ്റുകൾ സംയുക്തമായാണ് ഈ വൻ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
