ബെംഗളൂരു: നഗരത്തിലെ മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. മറത്തഹള്ളി-സർജാപൂർ റോഡിൽ നിർമാണം പുരോഗമിക്കുന്ന കാടുബീസനഹള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാത്രി മറത്തഹള്ളിയിൽ നിന്ന് സർജാപൂരിലേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് തൊട്ടുമുന്നിലേക്കാണ് ഭീമൻ ഇരുമ്പ് ഷീറ്റ് പതിച്ചത്.
ഒരു ബി.എം.ടി.സി ബസിന് തൊട്ടുപിന്നാലെ കാർ വരികയായിരുന്ന സമയത്താണ് മുകളിൽ നിന്ന് ഷീറ്റ് റോഡിലേക്ക് വീണത്. അപ്രതീക്ഷിതമായി വീണ ഷീറ്റ് കാറിൽ കൊള്ളാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെയെത്തിയ കാറിലെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മെട്രോ നിർമാണ മേഖലകളിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. തിരക്കേറിയ റോഡുകൾക്ക് മുകളിൽ വലിയ നിർമാണ സാമഗ്രികളും ഇരുമ്പ് തൂണുകളും ഉപയോഗിച്ച് പണികൾ നടക്കുമ്പോൾ, മതിയായ സുരക്ഷാ മുൻകരുതലുകൾ അധികൃതർ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യം യാത്രക്കാർ ശക്തമായി ഉന്നയിക്കുന്നുണ്ട്.
