ആലുവ: നടിയെ ആക്രമിച്ച കേസിന് ശേഷം ചില പോലീസുകാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും അതിക്രമങ്ങളും വെളിപ്പെടുത്തി നടൻ ദിലീപ്. കേസിന്റെ പേരിൽ തന്നെ തീർത്തും ഒറ്റപ്പെടുത്താനും ആരുടെയും സഹായമോ പിന്തുണയോ ലഭിക്കാതിരിക്കാനുമായി ചില പോലീസുകാർ ചേർന്ന് പദ്ധതികൾ തയ്യാറാക്കിയെന്നും ഇതിനായി തന്റെ ഡോക്ടറെപ്പോലും ബലിയാടാക്കി മോശമായി ചിത്രീകരിച്ചെന്നും ദിലീപ് ആരോപിച്ചു. ആലുവയിൽ ഡോ. സി.എം. ഹൈദരാലിയുടെ ആശുപത്രിയുടെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന് ശേഷം ഇതാദ്യമായാണ് താൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ദിലീപ് ഒരു പൊതുവേദിയിൽ തുറന്നു സംസാരിക്കുന്നത്.
തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടൊമ്പത് വർഷക്കാലം സ്വന്തം കൈയും കാലും കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയത്. കേസിന്റെ പേരിൽ പാവപ്പെട്ട ഡോക്ടറെയും പിടിച്ച് ബലിയാടാക്കിയതിൽ തനിക്ക് വലിയ വിഷമമുണ്ടായിരുന്നു. കേസ് കോടതി മാറ്റിവെക്കുമ്പോഴൊക്കെയും ഡോക്ടർ ആശങ്കയോടെ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. തുടർച്ചയായ കോടതി നടപടികൾക്കൊടുവിൽ സത്യം ജയിച്ചുവെന്നതുപോലെ ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചതായും ദിലീപ് കൂട്ടിച്ചേർത്തു.
തന്റെ അച്ഛന്റെ പേരിൽ 2009-ൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കാൻ പ്രചോദനമായത് ഡോ. ഹൈദരാലിയുടെ പ്രവർത്തന ശൈലിയായിരുന്നു. ട്രസ്റ്റിന്റെ കീഴിൽ ആയിരം വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് തനിക്കെതിരെ കേസുണ്ടാകുന്നത്. തുടർന്ന് താൻ ആർക്കെങ്കിലും സാമ്പത്തിക സഹായം നൽകിയാൽ അത് കേസ് അട്ടിമറിക്കാൻ പണം കൊടുത്തതാണെന്ന് പോലീസ് ചിത്രീകരിക്കാൻ തുടങ്ങിയെന്നും, ഇതേത്തുടർന്ന് ആ ട്രസ്റ്റ് ഫ്രീസ് ചെയ്യപ്പെടുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.
2017-ൽ കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ 2025 ഡിസംബർ 8-നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് കോടതി 20 വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. എന്നാൽ ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിടുകയായിരുന്നു. ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]