ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ബെംഗളൂരു (ഓഗസ്റ്റ് 10): കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ രണ്ടു പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചും പത്തും വയസ്സുള്ള ഷെയ്ഖ് സെഹ്‌റ, ഷെയ്ഖ് ജോയ എന്നീ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഇമ്രാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ നാഗവാര സ്വദേശിയും സിമ്മി ക്യാബിലെ മാനേജരുമായ ഇമ്രാൻ കുട്ടികളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് മുൻകൂട്ടി ഹോട്ടൽ മുറി ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. താജ് ഹോട്ടലിന്റെ നാലാം നിലയിലെ മുറിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികളെ തൂക്കിലേറ്റിയ ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇമ്രാൻ, വേദന കൊണ്ട് നിലവിളിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ വിവരം അറിയുന്നത്. ഉടൻ തന്നെ മുറിയിലെത്തിയ ജീവനക്കാർ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇമ്രാൻ മണിപ്പാൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് ഡിസിപി മിഥുൻ കുമാർ നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്: ഓഗസ്റ്റ് 09 വൈകുന്നേരമാണ് ഇമ്രാനും കുട്ടികളും ഹോട്ടലിൽ മുറിയെടുത്തത്. ഓഗസ്റ്റ് 10 വൈകുന്നേരം 4 മണിയോടെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. സംശയം തോന്നി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ട് കുട്ടികളെ മരിച്ച നിലയിലും ഇമ്രാനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് മുറിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും എയർപോർട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ഡിസിപി അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts