ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ വീടുവീടാന്തരമുള്ള മാലിന്യശേഖരണ വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമായി.
മാലിന്യശേഖരണത്തിന് ഉപയോഗിക്കുന്ന 138 ഓട്ടോ ടിപ്പർ വാഹനങ്ങളിലാണ് ആദ്യഘട്ടത്തിൽ ജി.പി.എസ് ഉപകരണങ്ങൾ ഘടിപ്പിക്കുന്നത്. വാഹനങ്ങളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുക, നിശ്ചിത വഴികളിലൂടെ തന്നെയാണ് വാഹനങ്ങൾ സർവീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്തുക, മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ബി.സി.സി.സി അധികൃതർ അറിയിച്ചു.
ഇന്റൽ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘ലെറ്റ്സ് ബി ദി ചേഞ്ച്’ (LBTC) എന്ന സംഘടനയുമായും സാങ്കേതിക പങ്കാളിയായ ‘ബ്രെയിൻ എബൗവ് പ്രൈവറ്റ് ലിമിറ്റഡു’മായും സഹകരിച്ചാണ് ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്.
ജി.പി.എസ് അധിഷ്ഠിത സംവിധാനം നിലവിൽ വന്നതോടെ ബി.എസ്.ഡബ്ല്യു.എം.എല്ലിന്റെ (BSWML) കേന്ദ്രീകൃത കമാൻഡ് സെന്റർ വഴി വാഹനങ്ങളുടെ തത്സമയ വിവരങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. വാഹനങ്ങൾ റൂട്ട് തെറ്റിച്ച് പോകുന്നത് തടയാനും മാലിന്യശേഖരണത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ ഉടനടി കണ്ടെത്തി പരിഹരിക്കാനും ഇത് സഹായിക്കും. മാലിന്യ സംസ്കരണ മേഖലയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജി.പി.എസ് വഴി നിരന്തരം നിരീക്ഷിക്കുന്നത് മാലിന്യശേഖരണത്തിലെ വീഴ്ചകൾ കൃത്യമായി കണ്ടെത്താനും അതിവേഗം തിരുത്തൽ നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് ബി.സി.സി.സി കമ്മീഷണർ ജഗദീഷ് ജി അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]