ബെംഗളൂരുവിൽ സൗന്ദര്യവർദ്ധക ചികിത്സയിൽ ഫലം കണ്ടില്ല: ക്ലിനിക്ക് 1.7 ലക്ഷം രൂപയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവ്

ബെംഗളൂരു: സൗന്ദര്യവർദ്ധക ചികിത്സയിലൂടെ ഉറപ്പായ ഫലം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രമുഖ ക്ലിനിക്കിന് തിരിച്ചടി. ലക്ഷങ്ങൾ ഈടാക്കിയ ശേഷം വാഗ്ദാനം ചെയ്ത ഫലം ലഭിക്കാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിൽ കഡുഗോഡി സ്വദേശിനിക്ക് 1.76 ലക്ഷം രൂപ തിരിച്ചനൽകാൻ ബെംഗളൂരു നാലാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പണം വാങ്ങിയ ശേഷം ഉറപ്പുനൽകിയ സേവനത്തിൽ നിന്ന് പിൻവാങ്ങാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഫോറത്തിന്റെ വിധി.

2025 മാർച്ച് മാസത്തിലാണ് കഡുഗോഡി സ്വദേശിനിയായ സുൽത്താന (പേര് മാറ്റം വരുത്തിയത്) മുഖത്തെ കറുത്ത പാടുകൾ മാറ്റാനുള്ള ചികിത്സയ്ക്കായി ക്ലിനിക്കിനെ സമീപിക്കുന്നത്. തുടർന്ന് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ‘കൂൾസ്കൾപ്റ്റിംഗ്’ (CoolSculpting) ചികിത്സ കൂടി നടത്താൻ ക്ലിനിക്ക് അധികൃതർ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. കൃത്യമായ ഫലം ലഭിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് 82,000 രൂപ ചെലവിൽ ഇവർ വയറിന്റെ മുകൾഭാഗത്ത് ചികിത്സയ്ക്ക് വിധേയയായി.

തുടർന്ന് ഏപ്രിൽ മാസത്തിൽ ചികിത്സ ആരംഭിച്ചപ്പോൾ, വയറിന്റെ മുകൾഭാഗത്ത് മാത്രം ചികിത്സ ചെയ്താൽ ആകൃതിയിൽ മാറ്റം വന്ന് അപാകത തോന്നുമെന്ന് പറഞ്ഞ ജീവനക്കാർ വയറിന്റെ താഴ്ഭാഗത്ത് കൂടി ചികിത്സ നടത്താൻ നിർദ്ദേശിച്ചു. ഇതിനായി 82,000 രൂപ കൂടി ഈടാക്കി. മൊത്തം 1.64 ലക്ഷം രൂപ വായ്പ സൗകര്യം വഴിയാണ് ഇവർ നൽകിയത്. 90 ദിവസത്തിനുള്ളിൽ പ്രകടമായ മാറ്റമുണ്ടാകുമെന്നായിരുന്നു ക്ലിനിക്ക് അധികൃതരുടെ വാഗ്ദാനം.

എന്നാൽ വാഗ്ദാനം ചെയ്ത സമയം കഴിഞ്ഞിട്ടും യാതൊരു മാറ്റവും കണ്ടില്ല. തുടർന്ന് ക്ലിനിക്കുമായി ബന്ധപ്പെട്ടപ്പോൾ വീണ്ടും ചികിത്സ നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിനിടയിൽ വായ്പാ പ്രൊസസിംഗ് ഫീസായി 12,240 രൂപ അധികമായി ഈടാക്കിയതെന്നും കണ്ടെത്തി. പ്രതിഷേധ സൂചകമായി ഗഡു അടയ്ക്കുന്നത് നിർത്തിവെച്ചതോടെ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ടായി. നാഷണൽ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ പരാതി നൽകിയിട്ടും ക്ലിനിക്കിന് അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റാതെ തിരിച്ചുവന്നതോടെയാണ് ഇവർ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

എന്നാൽ, ചികിത്സ ഉപഭോക്താവിന്റെ പൂർണ്ണ സമ്മതത്തോടെയാണ് നടത്തിയതെന്നും ഓരോ വ്യക്തികളിലും ഫലം വ്യത്യസ്തമായിരിക്കാം എന്ന് കരാറിലുണ്ടായിരുന്നുവെന്നും ക്ലിനിക്ക് വാദിച്ചു. എന്നാൽ 90 ദിവസത്തിനുള്ളിൽ ഫലം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയ കാര്യം ക്ലിനിക്ക് നിഷേധിച്ചിട്ടില്ലെന്ന് ഉപഭോക്തൃ ഫോറം നിരീക്ഷിച്ചു. സൗന്ദര്യവർദ്ധക ചികിത്സകളിൽ ഫലപ്രാപ്തി ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാമെങ്കിലും, പ്രത്യേക സമയപരിധി പറഞ്ഞ് ഉപഭോക്താക്കളെ ആകർഷിച്ച ശേഷം വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ ക്ലിനിക്കിന് അവകാശമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ ഫലം കാണാതിരുന്നപ്പോൾ പരിഹാരം കാണുന്നതിന് പകരം കൂടുതൽ തുകയുടെ ചികിത്സ നൽകി ഉപഭോക്താവിനെ ചൂഷണം ചെയ്യുകയാണ് സ്ഥാപനം ചെയ്തതെന്നും ഫോറം വിലയിരുത്തി.

പ്രസിഡന്റ് രാമചന്ദ്ര എം.എസ്, അംഗങ്ങളായ നന്ദിനി എച്ച് കുഭാർ, സവിത ഐറണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരിക്ക് 1.73 ലക്ഷം രൂപ തിരികെ നൽകാനും, സേവനത്തിലെ വീഴ്ചയ്ക്ക് 10,000 രൂപയും, മാനസിക വിഷമത്തിന് 3,000 രൂപയും, കോടതി ചെലവുകളിലേക്ക് 10,000 രൂപയും ഉൾപ്പെടെ ആകെ 1.76 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുമാണ് വിഎൽസിസിക്ക് (VLCC Ltd) ഉപഭോക്തൃ കോടതി നിർദ്ദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts