ബെംഗളൂരു: ഇന്റഗ്രേറ്റഡ് പവർ ഡെവലപ്മെന്റ് സ്കീമിന്റെ (ഐ.പി.ഡി.എസ്) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബെസ്കോം ഓൺലൈൻ സേവനങ്ങൾ രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. സാങ്കേതികമായി സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി സെപ്റ്റംബർ 15 ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സെപ്റ്റംബർ 17 അർദ്ധരാത്രി വരെ ബെസ്കോമിന്റെ പരിധിയിലുള്ള 20 ഐ.പി.ഡി.എസ് നഗരപ്രദേശങ്ങളിൽ ഇലക്ട്രിസിറ്റി ഓൺലൈൻ സേവനങ്ങൾ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷകൾ, പേര് മാറ്റൽ, ലോഡ് വർദ്ധിപ്പിക്കൽ, വൈദ്യുതി ബിൽ അടയ്ക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ഈ രണ്ട് ദിവസങ്ങളിൽ തടസ്സപ്പെടും. ബാഗേപള്ളി, ദേവനഹള്ളി, ഗുഡിബണ്ടെ, മഗഡി, മാലൂർ, നെലമംഗല, ശ്രീനിവാസപുര, വിജയപുര, ചന്നഗിരി, ചിക്കനായകനഹള്ളി, ഗുബ്ബി, ഹോളൽകെരെ, ഹൊന്നാലി, ഹൊസാദുർഗ, ജഗലൂർ, കൊരട്ടഗെരെ, മധുഗിരി, മൊളകൽമുരു, പാവഗഡ്, തുരുവേകെരെ തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്.
ഐ.പി.ഡി.എസ് നഗരമേഖലകളിലെ ഉപവിഭാഗങ്ങളിൽ നിലവിലുള്ള സോഫ്റ്റ്വെയർ ആപ്ലിക്കേഷന് പകരം പുതിയ ഐ.ടി സംവിധാനം വ്യാപിപ്പിക്കുന്നതിനാണ് നിലവിലെ ആപ്ലിക്കേഷൻ താത്കാലികമായി നിർത്തലാക്കേണ്ടി വന്നതെന്ന് ബെസ്കോം വ്യക്തമാക്കി. സാങ്കേതിക മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനഃസ്ഥാപിക്കുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബെസ്കോം വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
