ബെംഗളൂരു: ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും സുരക്ഷിതമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുമായി കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) വകുപ്പ് പ്രത്യേക ‘ട്രെയ്സബിലിറ്റി ആപ്പ്’ പുറത്തിറക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആപ്പ് സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദർ വ്യക്തമാക്കി. പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, എത്രയൊക്കെ പരിശോധനകളും റെയ്ഡുകളും നടത്തിയിട്ടും ഈ പ്രവണത തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകൾക്കും മൊത്തവ്യാപാരികൾക്കും ആപ്പ് നിർബന്ധം വലിയ ഭക്ഷണശാലകൾ ഉപയോഗിച്ച എണ്ണ ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന പ്രവണത വ്യാപകമാണ്. ഇത് പൂർണ്ണമായും തടയുന്നതിനായി നിർമ്മാതാക്കൾ, മൊത്തവ്യാപാരികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ തുടങ്ങി എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും (എഫ്.ബി.ഒ) ആപ്പിന്റെ ഉപയോഗം നിർബന്ധമാക്കും. എണ്ണ എവിടെ നിർമ്മിച്ചു, മൊത്തവ്യാപാരികൾ ആരാണ്, വാങ്ങുന്നവർ ആരൊക്കെയാണ് എന്നീ വിവരങ്ങളെല്ലാം ആപ്പിൽ രേഖപ്പെടുത്തും. സ്ഥാപനങ്ങൾ വാങ്ങുന്ന ആകെ പാചക എണ്ണയുടെ അളവും, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) അംഗീകാരമുള്ള റൂക്കോ (RUCO) ഏജൻസികൾക്ക് കൈമാറുന്ന ഉപയോഗിച്ച എണ്ണയുടെ അളവും കൃത്യമായി രേഖപ്പെടുത്തണം. ഒരു സ്ഥാപനം പ്രതിമാസം വാങ്ങുന്ന ആകെ എണ്ണയുടെ 10 മുതൽ 15 ശതമാനം വരെയെങ്കിലും ഉപയോഗിച്ച എണ്ണയായി അംഗീകൃത ഏജൻസികൾക്ക് കൈമാറിയിരിക്കണം. ഉദാഹരണത്തിന്, 300 ലിറ്റർ എണ്ണ വാങ്ങുന്ന ഒരു ഹോട്ടൽ കുറഞ്ഞത് 30 മുതൽ 45 ലിറ്റർ വരെയെങ്കിലും ഉപയോഗിച്ച എണ്ണ കൈമാറേണ്ടതുണ്ട്.
ആദ്യഘട്ടം നാല് നഗരങ്ങളിൽ; വീടുകളിലേക്കും വ്യാപിപ്പിക്കും പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരു, മൈസൂരു, മംഗളൂരു, ഹുബ്ബള്ളി എന്നീ നാല് നഗരങ്ങളിലാണ് ആപ്പ് ആദ്യം നടപ്പിലാക്കുക. തുടർന്ന് സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കും. ശേഖരിക്കുന്ന ഉപയോഗിച്ച എണ്ണ വ്യോമയാന ഇന്ധനം, ബയോഡീസൽ, വിളക്ക് കത്തിക്കാനുള്ള എണ്ണ എന്നിവയ്ക്കായി പുനരുപയോഗിക്കാൻ സാധിക്കും. ഉപയോഗിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്ര സർക്കാരിന് കത്തയക്കുമെന്നും, ഈ എണ്ണ ഒരു കാരണവശാലും അടുക്കളകളിലേക്ക് തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (ടി.പി.സി) 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ വീണ്ടും ഉപയോഗിക്കാൻ പാടില്ല. 2022 മുതൽ ഇതുവരെ സംസ്ഥാനത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ നിന്ന് 91 ലക്ഷം ലിറ്ററിലധികം ഉപയോഗിച്ച എണ്ണ ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മാലിന്യശേഖരണത്തിന് സമാനമായി വീടുകളിൽ നിന്നും ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡോക്ടർമാർ ക്ലിനിക്കുകൾക്ക് പുറത്ത് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അലോപ്പതി ഡോക്ടർമാർ തങ്ങളുടെ എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റുകൾ ക്ലിനിക്കുകൾക്ക് പുറത്ത് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും ആരോഗ്യമന്ത്രി യു.ടി ഖാദർ നിർദ്ദേശിച്ചു. ഉത്തരഹള്ളിയിൽ ക്ലിനിക്ക് നടത്തിയിരുന്ന ഒരു ആയുർവേദ ഡോക്ടർ ചുമയ്ക്കും ജലദോഷത്തിനും ചികിത്സ തേടിയെത്തിയ യുവതിക്ക് സ്റ്റിറോയിഡുകൾ നൽകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കർശന നടപടി. ആയുർവേദ, ഹോമിയോപ്പതി പ്രാക്ടീഷണർമാർ അലോപ്പതി മരുന്നുകൾ നിർദ്ദേശിക്കുന്നത് സംബന്ധിച്ച് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, യോഗ്യതയുള്ള അലോപ്പതി ഡോക്ടർമാരെ തിരിച്ചറിയാൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുന്നത് രോഗികളെ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
