കോൺക്രീറ്റ് കാടുകൾക്ക് പകരം കബ്ബൺ പാർക്ക് മാതൃക; ബെംഗളൂരുവിൽ 15 ഇക്കോ പാർക്കുകൾ നിർമ്മിക്കാൻ വനം വകുപ്പ്; എവിടെ എന്നറിയാൻ വായിക്കാം

ബെംഗളൂരു: ദ്രുതഗതിയിലുള്ള നഗരവൽക്കരണവും നിർമ്മാണ പ്രവർത്തനങ്ങളും കാരണം പച്ചപ്പും ഭൂഗർഭജല ശേഷിയും നഷ്ടപ്പെട്ട ബെംഗളൂരു നഗരത്തിന് ശുദ്ധവായുവും പച്ചപ്പുള്ള അന്തരീക്ഷവും തിരികെ നൽകാൻ വനം വകുപ്പ് രംഗത്ത്. കബ്ബൺ പാർക്കിന്റെയും ലാൽബാഗിന്റെയും മാതൃകയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ‘ഇക്കോ പാർക്കുകൾ’ നിർമ്മിക്കാനാണ് പദ്ധതി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ‘നഗര വനം’ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ നിർദ്ദേശം ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് വനം, പരിസ്ഥിതി ശാസ്ത്ര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ഒൻപത് പാർക്കുകൾ

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒൻപത് ഇക്കോ പാർക്കുകളുടെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജരകബന്ദെ, മല്ലസാന്ദ്ര, പാണത്തൂർ, കൽക്കെരെ, മണ്ടൂർ, തുരഹള്ളി റിസർവ് ഫോറസ്റ്റ്, തുരഹള്ളി കിരു ഫോറസ്റ്റ്, ദൊരെസാനിപാളയ, മച്ചോഹള്ളി, സുലിക്കെരെ തുടങ്ങിയ വനമേഖലകളിലാണ് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വന നിയമങ്ങൾ പ്രകാരം സംരക്ഷിത വനഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്ര അനുമതി വേണമെങ്കിലും, ഇത് കേന്ദ്ര സർക്കാരിന്റെ നഗര വനം പദ്ധതിയിൽപ്പെടുന്നതിനാലും വനാന്തരീക്ഷം നിലനിർത്തി നടപ്പിലാക്കുന്നതിനാലും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വനാന്തരീക്ഷത്തിന് കോട്ടം തട്ടില്ല; കൃത്രിമ നിർമ്മാണങ്ങൾ ഒഴിവാക്കും

വനമേഖലയുടെ സ്വാഭാവിക അന്തരീക്ഷത്തിന് യാതൊരുവിധ കേടുപാടുകളും വരുത്താതെയായിരിക്കും ഇക്കോ പാർക്കുകൾ സജ്ജമാക്കുക. ശുചിമുറികൾ പോലുള്ള അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾക്കൊഴികെ മറ്റൊന്നിനും കോൺക്രീറ്റ് ഉപയോഗിക്കില്ല. പകരം മൺപാതകളാണ് നിർമ്മിക്കുക. കൂടാതെ, ഭൂഗർഭജല റീചാർജിന് തടസ്സമുണ്ടാക്കുന്ന യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി പ്രാദേശികവും പരിസ്ഥിതി സൗഹൃദപരവുമായ തദ്ദേശീയ സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. പാർക്കിനായി മാറ്റിവെക്കുന്ന നിശ്ചിത ഭാഗമൊഴികെ ബാക്കി വനമേഖല കർശനമായ സുരക്ഷയോടെ സംരക്ഷിക്കുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts