ലണ്ടനിലും പാരിസിലും ഉള്ള ആ വിപ്ലവകരമായ മാറ്റം ഇനി ബെംഗളൂരുവിലും! ഒ.ആർ.ആർ യാത്രക്കാരുടെ വിധി മാറ്റാൻ സമഗ്ര ബ്ലൂപ്രിന്റ്

ബെംഗളൂരു: കനത്ത ഗതാഗതക്കുരുക്കും തകർന്ന റോഡുകളും പൊതുഗതാഗത സൗകര്യങ്ങളുടെ കുറവും മൂലം വലയുന്ന ആയിരക്കണക്കിന് യാത്രാക്കാർക്ക് ആശ്വാസമായി ജനകീയ മാസ്റ്റർപ്ലാൻ. സർജാപ്പൂർ റോഡ് – ഔട്ടർ റിങ് റോഡ് (ORR) ഇടനാഴിയെ രണ്ട് വർഷത്തിനുള്ളിൽ ലോകോത്തര മൊബിലിറ്റി ഹബ്ബാക്കി മാറ്റാനുള്ള സമഗ്ര നിർദ്ദേശവുമായി നഗരത്തിലെ പൗരസമിതികൾ രംഗത്തെത്തി.

‘സർജാപ്പൂർ ഒ.ആർ.ആർ ട്രാൻസ്‌ഫോർമേഷൻ’ (SORT) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തിരക്കേറിയ സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് നടത്തുക, മെട്രോ-റെയിൽവേ സർവീസുകളുമായി മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുക, സുരക്ഷിതമായ കാൽനടപ്പാതകളും സൈക്കിൾ ട്രാക്കുകളും നിർമ്മിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇബ്ലൂർ, ബെല്ലന്തൂർ, മാരത്തഹള്ളി മേഖലകളെ ബന്ധിപ്പിച്ച് എയർപോർട്ടുകളിലേതിന് സമാനമായ ഓട്ടോമേറ്റഡ് വാക്ക്‌വേകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കാനും പദ്ധതി നിർദ്ദേശിക്കുന്നുണ്ട്.

എച്ച്.എസ്.ആർ ലേഔട്ടിലെ ഒരു കഫേ സന്ദർശനത്തിനിടയിലാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടതെന്ന് ഇബ്ലൂർ എൻവിറോൺസ് ട്രസ്റ്റ് (IBENT), ബൃഹത് മുത്തനല്ലൂർ റെസിഡന്റ്സ് ഫോറം ഭാരവാഹിയായ നരേഷ് സദാശിവൻ വ്യക്തമാക്കി. കോർ സിറ്റി മേഖലകളിൽ ‘ടെൻഡർ ഷുവർ’ റോഡുകളും നടപ്പാതകളും നിർമ്മിക്കാമെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വിവരസാങ്കേതിക-വരുമാന മേഖലകളിലൊന്നായ ഇവിടെയും അത് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യമാണ് ഈ പദ്ധതിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. നടപ്പാതകളിലെ കയ്യേറ്റങ്ങൾ, ഇരുചക്രവാഹനങ്ങളുടെ കടന്നുകയറ്റം, മൂടാത്ത ഓടകൾ എന്നിവ വലിയ അപകടസാധ്യത ഉയർത്തുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ലണ്ടൻ, പാരിസ്, സിംഗപ്പൂർ, ആംസ്റ്റർഡാം തുടങ്ങിയ ആഗോള നഗരങ്ങളെപ്പോലെ ബെംഗളൂരുവും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് നഗരാസൂത്രണം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർജാപ്പൂരിൽ മെട്രോ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ കുറഞ്ഞത് 10 അടി വീതിയുള്ള തടസ്സങ്ങളില്ലാത്ത കാൽനടപ്പാതകൾ നിർമ്മിക്കണമെന്ന് സേവ് അവർ സർജാപ്പൂർ (SoS) പ്രതിനിധി മുകുന്ദ് കുമാർ ആവശ്യപ്പെട്ടു. സർജാപ്പൂർ റോഡിനെയും ഒ.ആർ.ആർ ഐടി പാർക്കുകളെയും ബന്ധിപ്പിക്കുന്ന അഞ്ച് മിനിറ്റ് ഇടവേളകളിലുള്ള ബസ് സർവീസുകൾ, ഹാർലൂർ, കസവനാഹള്ളി, ദൊമ്മസന്ദ്ര തുടങ്ങിയ സമീപപ്രദേശങ്ങളിലേക്കുള്ള ഫീഡർ റൂട്ടുകൾ എന്നിവയും പദ്ധതി മുന്നോട്ടുവെക്കുന്നു.

കാർമലാരം റെയിൽവേ സ്റ്റേഷനെ സംയോജിത ട്രാൻസിറ്റ് ടെർമിനലായി ഉയർത്താനും പ്രധാന ജങ്ഷനുകൾ നവീകരിക്കാനും ശുപാർശയുണ്ട്. മികച്ച കാൽനടപ്പാതകളും വിശ്വസനീയമായ പൊതുഗതാഗതവും ഉറപ്പാക്കുന്നതിലൂടെ യാത്രക്കാർക്ക് ഏകദേശം 70 ശതമാനം യാത്രകൾക്കും സ്വന്തം വാഹനങ്ങളെ ഒഴിവാക്കാൻ സാധിക്കും.

24 മാസം കൊണ്ട് ഘട്ടംഘട്ടമായി നടപ്പിലാക്കാവുന്ന ബ്ലൂപ്രിന്റാണ് സമിതികൾ സമർപ്പിച്ചത്. ആദ്യ 6 മാസത്തിനുള്ളിൽ അടിയന്തര അറ്റകുറ്റപ്പണികളും സുരക്ഷാ നടപടികളും, തുടർന്നുള്ള ഒരു വർഷത്തിനുള്ളിൽ സമഗ്രമായ റോഡ്-നടപ്പാത വികസനം, അവസാന 6 മാസത്തിനുള്ളിൽ സംയോജിത ഗതാഗത സംവിധാനം എന്നിവ നടപ്പിലാക്കും. ഈ പദ്ധതി ഏകോപിപ്പിക്കുന്നതിനായി സിംഗിൾ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും പുരോഗതി നിരീക്ഷിക്കാൻ പൊതു ഡാഷ്‌ബോർഡും പൗര മേൽനോട്ട സമിതിയും രൂപീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts