ബെംഗളൂരു: ബെംഗളൂരുവിലെ ഹൊയ്സാല നഗറിലുള്ള പബ്ബിൽ ചൊവ്വാഴ്ച രാത്രി വൻ തീപിടുത്തം. പബ്ബിന്റെ അടുക്കളയിലുണ്ടായിരുന്ന ചിമ്മിനി അമിതമായി ചൂടായതിനെ തുടർന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ദിരാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
തീ ഉയർന്ന ഉടൻ തന്നെ പബ്ബിലുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് സമയോചിതമായി ഇടപെടുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് അതിവേഗമെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു.
നാട്ടുകാരുടെയും പബ്ബിലുണ്ടായിരുന്നവരുടെയും കൃത്യമായ ജാഗ്രതയും അഗ്നിശമന സേനയുടെ സമയബന്ധിതമായ ഇടപെടലും കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ജീവഹാനിയോ ആർക്കെങ്കിലും ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും അടുക്കളയിലെ ചിമ്മിനി അമിതമായി ചൂടായതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് അനുമാനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
