ന​ഗരത്തിൽ മാസ്ക് വെച്ചോളു! ദീപാവലി കഴിഞ്ഞിട്ടും ഒഴിഞ്ഞുമാറാതെ വിഷപ്പുക; ശ്വാസതടസ്സവും വൈറൽ പനിയും വൻ ഭീഷണിയാകുന്നുവെന്ന് വിദഗ്ധർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞെങ്കിലും പടക്കങ്ങളിൽ നിന്നുള്ള പുകയും വിഷാംശമുള്ള സൂക്ഷ്മകണങ്ങളും വരും ദിവസങ്ങളിലും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നതിനാൽ പൊതുജനങ്ങൾ മാസ്ക് ഉപയോഗം തുടരണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. പടക്കങ്ങൾ പുറത്തുവിടുന്ന പി.എം 2.5, പി.എം 10, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ മലിനീകരണ ഘടകങ്ങൾ വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക് വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം വിഷാംശമുള്ള വായു ശ്വസിക്കുന്നത് ശ്വാസനാളത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും ചുമ, തുമ്മൽ, തൊണ്ടവേദന, നെഞ്ചിറുക്കം, ശ്വാസതടസ്സം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

തണുപ്പ് വർദ്ധിക്കുന്നത് മലിനീകരണത്തിന്റെ ആഘാതം കൂട്ടും ആസ്ത്മ, സി.ഒ.പി.ഡി (COPD), പൾമണറി ഫൈബ്രോസിസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് വായു ചെസ്റ്റ് ആൻഡ് സ്ലീപ്പ് സ്പെഷ്യലിസ്റ്റ്സ് സ്ഥാപകനും ഡയറക്ടറുമായ ഡോ. രവീന്ദ്ര മേത്ത പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരീക്ഷ താപനില കുറയുന്നത് വായുമലിനീകരണത്തിന്റെ ആഘാതം ഇരട്ടിയാക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തണുത്ത വായു ഭൂമിയോട് ചേർന്ന് നിൽക്കുന്നതിനാൽ പടക്കപ്പുകയും വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടിൽ തന്നെ തങ്ങിനിൽക്കുന്ന ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന പ്രതിഭാസത്തിന് ഇത് കാരണമാകുന്നു. കൂടാതെ, തണുത്ത വായു ശ്വാസനാളങ്ങളെ ചുരുക്കുകയും ശ്വാസതടസ്സം വർദ്ധിപ്പിക്കുകയും ചെയ്യും.

ശ്വാസകോശത്തിന്റെ പ്രതിരോധ സംവിധാനത്തിന് ക്ഷതമേൽക്കാം സാധാരണ സാഹചര്യങ്ങളിൽ ശ്വാസനാളത്തെ സംരക്ഷിക്കുന്നത് നേർത്ത ശ്ലേഷ്മപാളിയും പൊടിപടലങ്ങളെ തടഞ്ഞുനിർത്തുന്ന ‘സിലിയ’ (Cilia) എന്ന സൂക്ഷ്മ രോമങ്ങളുമാണെന്ന് ഇലക്ട്രോണിക് സിറ്റി കിംസ് ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് സ്ലീപ്പ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. പവൻ യാദവ് എം.വി പറഞ്ഞു. എന്നാൽ കടുത്ത വായുമലിനീകരണം ഈ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുന്നു. തണുത്ത വായു ശ്വാസനാളത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യുന്നു. തണുപ്പ് കാരണം മൂക്കിലെ സംരക്ഷണ പാളി വരളുന്നതും ആളുകൾ വീടിനുള്ളിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കുന്നതും ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പ്രക്രിയ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. രവിവർമ്മ എ വ്യക്തമാക്കി. ചെറിയ ജലദോഷം പോലും ഗുരുതരമായ ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയയായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വൈറൽ അണുബാധകളും ജാഗ്രതാ നിർദ്ദേശങ്ങളും ഈ സീസണിൽ എച്ച്1എൻ1 ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ വൈറൽ അണുബാധകൾ അസാധാരണമാംവിധം കൂടുതലാണെന്ന് ഡോ. രവീന്ദ്ര മേത്ത ചൂണ്ടിക്കാട്ടി. കുറയുന്ന താപനില, ഉയർന്ന വായുമലിനീകരണം, വൈറൽ അണുബാധകൾ എന്നിവ ഒത്തുചേരുന്നത് ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ്. ശ്വാസകോശ സംരക്ഷണത്തിനായി പൊതുജനങ്ങൾ എൻ-95 (N95) മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്നും, അതിരാവിലെയും വൈകുന്നേരങ്ങളിലുമുള്ള പുറംയാത്രകളും വ്യായാമങ്ങളും ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. വീടുകൾക്കുള്ളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം എന്നിവ വിട്ടുമാറാതിരിക്കുകയോ കൂടുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. കടുത്ത ശ്വാസതടസ്സം, വിട്ടുമാറാത്ത നെഞ്ചുവേദന, ചുണ്ടുകൾ നീലനിറമാകുക, ശ്വാസതടസ്സം കാരണം സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts