ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബെംഗളൂരു ഇന്ന് ചരിത്രനേട്ടത്തിലേക്ക് കടക്കുന്നു. നമ്മ മെട്രോ ശൃംഖല 100 കിലോമീറ്റർ ദൂരം പിന്നിടുന്ന ചരിത്ര നിമിഷത്തിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. പിങ്ക് ലൈൻ മെട്രോ പാതയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് 12.40-ന് എസ്.ജി. പാളയ മെട്രോ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യും. എസ്.ജി. പാളയ മുതൽ കലേന അഗ്രഹാര വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ ആറ് മെട്രോ സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മെട്രോ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും പിങ്ക്, മഞ്ഞ നിറങ്ങളിൽ അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ മെട്രോ യാത്രയും വികസന പദ്ധതികളും ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്.ജി. പാളയ സ്റ്റേഷനിൽ നിന്ന് ബിലെക്കഹള്ളി-ഐ.ഐ.എം.ബി മെട്രോ സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനിൽ യാത്ര ചെയ്യും. ഗവർണർ ഡോ. സുധ യാദവ്, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, എം.പി തേജസ്വി സൂര്യ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഐ.ഐ.എം.ബി കാമ്പസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ 15,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
മഡ്ഗാവ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി മെട്രോ ഉദ്ഘാടനത്തോടൊപ്പം മഡ്ഗാവ്-മംഗലാപുരം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഫ്ലാഗ് ഓഫിന് ശേഷം എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് മഡ്ഗാവിലേക്കുള്ള കന്നിയാത്ര ട്രെയിൻ ആരംഭിക്കും.
ഉദ്ഘാടനം ചെയ്യുന്ന സ്റ്റേഷനുകളും പേരുമാറ്റവും എസ്.ജി. പാളയ (സുദ്ദുഗുണ്ടെ പാളയ), ജയദേവ ആശുപത്രി, എൻ.എസ്. പാളയ-ജെ.പി. നഗർ നാലാം ഘട്ടം, ഐ.ഐ.എം.ബി-ബിലെക്കഹള്ളി, ഹുളിമാവ് (പുളി), കലേന അഗ്രഹാര എന്നീ ആറ് സ്റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തെത്തുടർന്ന് പിങ്ക് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ പേരുകൾ ബി.എം.ആർ.സി.എൽ പുനർനാമകരണം ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മുമ്പ് തവരേക്കരെ എന്നറിയപ്പെട്ടിരുന്ന സ്റ്റേഷൻ എസ്.ജി. പാളയ (സുദ്ദുഗുണ്ടെ പാളയ) എന്നും, ജെ.പി. നഗർ നാലാം ഘട്ടം സ്റ്റേഷൻ എൻ.എസ്. പാളയ-ജെ.പി. നഗർ നാലാം ഘട്ടം എന്നും, ഐ.ഐ.എം.ബി സ്റ്റേഷൻ ഐ.ഐ.എം.ബി-ബിലെക്കഹള്ളി എന്നുമാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്.
കനത്ത സുരക്ഷയും വാഹനവ്യൂഹ റിഹേഴ്സലും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് എസ്.ജി. പാളയ മെട്രോ സ്റ്റേഷനും പരിസരത്തും ഡോഗ് സ്ക്വാഡും ബോംബ് ഡിസ്പോസൽ സ്ക്വാഡും കർശന പരിശോധന നടത്തിവരികയാണ്. സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 20-ലധികം സുരക്ഷാ വാഹനങ്ങൾ ഉൾപ്പെടുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ എസ്പിജിയും പോലീസും സംയുക്തമായി പൂർത്തിയാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ റൂട്ടുകളിൽ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതിലും ശനിയാഴ്ച രാവിലെ മുതൽ യാത്ര ആരംഭിക്കാൻ കഴിയുന്നതിലും വലിയ ആഹ്ലാദത്തിലാണ് നഗരവാസികളും മെട്രോ യാത്രക്കാരും.
