ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട് നവനഗർ പ്രദേശ നിവാസികളുടെ പ്രഭാതങ്ങളെ രുചികരമാക്കുന്ന ‘ഇഡ്‌ലി അജ്ജ’ (ഇഡ്‌ലി മുത്തച്ഛൻ) എന്ന വയോധികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നു. നവനഗറിലെ അമ്പതോളം സെക്ടറുകളിലും രാവിലെ ഇഡ്‌ലി അജ്ജയുടെ വാഹനത്തിനായി ജനങ്ങൾ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. വീടുകളിൽ നിന്ന് വൃത്തിയായി തയ്യാറാക്കിയെടുക്കുന്ന ചൂടുള്ള ഇഡ്‌ലിയും നാവിൽ കൊതിയുണർത്തുന്ന സവിശേഷമായ ചട്ണിയുമാണ് ഇദ്ദേഹത്തിന്റെ കച്ചവടത്തിലെ പ്രധാന ആകർഷണം.
നവനഗർ സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ (nagaratna_vlogs_bgk) പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ബാല്യകാലത്ത് ഇദ്ദേഹം സൈക്കിളിൽ ഇഡ്‌ലി വിൽക്കാൻ എത്തിയിരുന്ന ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഇതുവരെ 1.9 ദശലക്ഷത്തിലധികം (19 ലക്ഷം) ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
“മുൻപ് ഞാൻ സൈക്കിളിലാണ് ഇഡ്‌ലി വിൽക്കാൻ വന്നിരുന്നത്. ഈ ബിസിനസ്സിനിടയിൽ രണ്ട് സൈക്കിളുകൾ ഉപയോഗശൂന്യമായി പോയി, പിന്നീട് ഒരു കാറും നഷ്ടമായി. ഇപ്പോൾ ഉപയോഗിക്കുന്നത് എന്റെ നാലാമത്തെ ഇരുചക്ര വാഹനമാണ്. ഞങ്ങൾ ഉണ്ടാക്കുന്ന ചട്ണി വളരെ രുചികരമാണ്, അതിനാൽ ചട്ണിക്കാണ് നിങ്ങൾ പണം നൽകേണ്ടത്,” എന്ന് ഇഡ്‌ലി അജ്ജ വീഡിയോയിൽ തമാശരൂപേണയും അഭിമാനത്തോടും പറയുന്നു.
വീഡിയോ തരംഗമായതോടെ അജ്ജയുടെ കുടുംബാംഗങ്ങളും പ്രതികരണവുമായി എത്തി. “പുതിയ നിയമങ്ങൾ വന്നപ്പോഴും കഠിനാധ്വാനം ചെയ്ത് ഞങ്ങളെ വളർത്തിയ ഞങ്ങളുടെ കുടുംബത്തിലെ അഭിമാനമാണ് ഈ അമ്മാവൻ,” എന്ന് സന്തു പവാർ കുറിച്ചപ്പോൾ, തങ്ങളുടെ പിതാവ് അതിതീവ്രമായി അധ്വാനിക്കുന്ന വ്യക്തിയാണെന്ന് മകൾ വിജ്ജു പവാർ ഗെയ്ക്വാദ് വ്യക്താക്കി.
നിരവധി ആളുകളാണ് തങ്ങളുടെ ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്. കുട്ടിക്കാലത്ത് കഴിച്ച ഇഡ്‌ലിയുടെയും വടയുടെയും ചട്ണിയുടെയും രുചി ഇപ്പോഴും നാവിലുണ്ടെന്നും, ചില രുചികളും മനുഷ്യരും ഓർമ്മകളും എന്നും ഹൃദയത്തിൽ ശാശ്വതമായി നിലനിൽക്കുമെന്നും ഭക്തരും നാട്ടുകാരും സ്നേഹത്തോടെ കുറിക്കുന്നു. നവനഗറിലെ തലമുറകളെ ഊട്ടിയ ഈ ഇഡ്‌ലി മുത്തച്ഛന്റെ ജീവിതയാത്ര ഇപ്പോൾ ഇന്റർനെറ്റിലെ പ്രചോദനാത്മക കാഴ്ചയായി മാറിയിരിക്കുകയാണ്.
