ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന ഏർപ്പെടുത്തി ഉത്തരവായി. നിർദ്ദിഷ്ട മാറ്റങ്ങൾ അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം വരെ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഫീസ് ഈടാക്കും.
ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഫീസ് സാധാരണ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുന്നത്. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകൾക്ക് ഈ നിരക്കുകൾ ബാധകമല്ല.
പുതിയ ഉത്തരവ് പ്രകാരം 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെയായിരിക്കും ഫീസായി ഈടാക്കാൻ സാധിക്കുക. റെയിൽവേ, ടെലികോം, ഇന്ധന വിതരണം തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ നിരക്കിൽ ഫീസ് വ്യാപാരികളിൽ നിന്ന് ഈടാക്കും. അതേസമയം റൂപേ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് ഈ അധിക ഫീസ് ബാധകമായിരിക്കില്ല.
വ്യക്തികൾ തമ്മിൽ നടത്തുന്ന സാധാരണ ഡിജിറ്റൽ പണമിടപാടുകളെ പുതിയ നിയമം ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണക്കാർക്ക് യു.പി.ഐ സേവനങ്ങൾ മുൻപത്തെപ്പോലെ തന്നെ പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കുന്നത് തുടരാം.
