ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന 119 കോർപ്പറേഷൻ സ്വത്തുക്കളുടെ പാട്ടക്കാലാവധി വര്ഷങ്ങള്ക്ക് മുമ്പ് അവസാനിച്ചിട്ടും അവ തിരികെ പിടിക്കാൻ കഴിയാതെ ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (ബി.സി.സി.സി). വര്ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഈ സ്വത്തുക്കളിൽ നിന്ന് ഒൻപതെണ്ണം മാത്രമാണ് കോർപ്പറേഷന് ഇതുവരെ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
പാട്ടക്കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കരാറുകൾ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. തന്മൂലം ദശാബ്ദങ്ങൾക്ക് മുമ്പ് നിശ്ചയിച്ച തുച്ഛമായ തുക മാത്രം നൽകി പാട്ടക്കാർ വിലപിടിപ്പുള്ള ബി.സി.സി.സി കെട്ടിടങ്ങളിൽ തുടരുകയാണ്. സാംസ്കാരിക സംഘാടനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കായി നൽകിയ സ്വത്തുക്കൾക്ക് പുറമേ, വ്യക്തിഗത ആവശ്യങ്ങൾക്കായി നൽകിയ ഭൂമിയും കെട്ടിടങ്ങളുമാണ് ഇത്തരത്തിൽ തിരിച്ചുപിടിക്കാനാകാതെ കിടക്കുന്നത്.
1976-ൽ പ്രതിമാസം 2,000 രൂപയ്ക്ക് 30 വർഷത്തെ പാട്ടത്തിന് മുൻ കോർപ്പറേറ്റർക്ക് നൽകിയ ഹലാസൂരുവിലെ 30×40 അടി വിസ്തീർണ്ണമുള്ള വസ്തു 2006-ൽ കാലാവധി കഴിഞ്ഞിട്ടും കോർപ്പറേഷന് ഏറ്റെടുക്കാനായിട്ടില്ല. 2025-ൽ നോട്ടീസ് അയച്ചുവെന്നും വസ്തു തിരികെ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. 1988 മുതൽ 1991 വരെയുള്ള മൂന്ന് വർഷത്തേക്ക് പ്രതിമാസം 25 രൂപയ്ക്ക് പാട്ടത്തിന് നൽകിയ മറ്റൊരു വസ്തുവും ഇതുവരെ തിരികെ പിടിച്ചിട്ടില്ല. നഗരമധ്യത്തിലെ മികച്ച സ്ഥലങ്ങൾ നിലവിലെ നിരക്കിൽ പാട്ടത്തിന് നൽകാൻ സാധിക്കാത്തത് കോർപ്പറേഷന് കോടികളുടെ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.
ഈ കെട്ടിടങ്ങളിലെ ഭൂരിഭാഗം ആളുകളും നിയമനടപടികളുമായി മുന്നോട്ട് പോകുന്നതാണ് സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നതെന്ന് ബി.സി.സി.സി കമ്മീഷണർ ജഗദീഷ് ജി. വ്യക്തമാക്കി. കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും എത്രയും വേഗം കേസ് പൂർത്തിയാക്കി ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കോടതി വ്യവഹാരങ്ങൾ ഇല്ലാത്ത വസ്തുക്കളും വര്ഷങ്ങളായി തിരിച്ചുപിടിക്കുകയോ കരാർ പുതുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
കോർപ്പറേഷൻ സ്വത്തുക്കൾ ഒന്നുകിൽ പൂർണ്ണമായും തിരികെ പിടിക്കുമെന്നും അല്ലെങ്കിൽ പാട്ടക്കരാറുകൾ നിലവിലെ നിരക്കിൽ പുതുക്കുമെന്നും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു വ്യക്തമാക്കി. ഇതിനായി ഉടൻ തന്നെ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]