ബെംഗളൂരു: വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെലഗാവി ചാവട്ട് ഗല്ലിയിൽ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.
ചാവട്ട് ഗല്ലി സ്വദേശികളായ ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
രാത്രി വീടിനുള്ളിൽ വെച്ച് റഫറിജറേറ്റർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊട്ടിത്തെറിയെ തുടർന്ന് വീടിനുള്ളിൽ അതിവേഗം തീ പടർന്നുപിടിച്ചു. പുക ഉയർന്നതും തീ ശക്തിയായി ആളിപ്പടർന്നതും കാരണം വീടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്ക്കാനും മൃതദേഹങ്ങൾ പുറത്തെടുക്കാനും സാധിച്ചത്. റഫറിജറേറ്റർ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]