ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അടുത്തിടെ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന 10 ടൺ രാസവസ്തുക്കൾ കലർത്തിയ കക്ക കോലാറിലെ മുൾബാഗിലുവെച്ച് ടി.എച്ച്.ഒ ഡോ. സുഗുണയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സുരക്ഷാ സംഘം പിടിച്ചെടുത്തിരുന്നു. ഇതിൽ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കക്കയ്ക്ക് പുറമേ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ടെട്രാപാക്ക് ജ്യൂസുകൾ, ബിസ്ക്കറ്റുകൾ, ചിപ്സുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ തുടങ്ങിയ ലഘുഭക്ഷണങ്ങളുടെ ഗുണനിലവാരവും നിലവിൽ സംശയനിഴലിലാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ഇറക്കുന്നതിന് മുമ്പ് ലാബ് പരിശോധന നിർബന്ധമാണെങ്കിലും, ചില സ്വകാര്യ ലാബുകളും കമ്പനികളും ഒത്തുകളിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
ഈ സാഹചര്യത്തിലാണ് വിപണിയിലുള്ള ബ്രാൻഡഡ് ഭക്ഷണങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് സർക്കാർ ലാബുകളിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ച നടത്തുകയും മായം ചേർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
