ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് ആണെന്ന് വിശ്വസിപ്പിച്ച് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ തട്ടിപ്പ്. സാമ്പത്തിക സഹായമായി 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 29-കാരനായ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡിപ്ഫേക്ക് വീഡിയോ ദൃശ്യങ്ങൾ കാണിച്ച് നടത്തിയ ഇത്തരം ആദ്യ സംഭവമാണ് ബെംഗളൂരുവ റിപ്പോർട്ട് ചെയ്യുന്നത്.
ഒഡീഷ സ്വദേശിയും കഴിഞ്ഞ 20 വർഷമായി ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്നതുമായ രതികാന്ത ഗിരി എന്നയാൾക്കാണ് പണം നഷ്ടമായത്. സെപ്റ്റംബർ 9-നാണ് ഇയാൾക്ക് അപരിചിതമായ നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് വീഡിയോ കോൾ വരുന്നത്. കോൾ അറ്റൻഡ് ചെയ്ത ഉടൻ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ഹിന്ദിയിൽ സംസാരിച്ച തട്ടിപ്പുകാരൻ പേരും ജോലിയും താമസസ്ഥലവും ചോദിച്ചറിഞ്ഞ ശേഷം വിജയിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ആദ്യം സഹായം നിരസിച്ചെങ്കിലും, നിരവധി പേർക്ക് താൻ പണം നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരൻ രതികാന്തയെ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ മാനേജർ ബന്ധപ്പെടുമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
തൊട്ടുപിന്നാലെ മാനേജർ എന്ന് അവകാശപ്പെട്ട് വിളിച്ചയാൾ 11 ലക്ഷം രൂപ വിദേശ അക്കൗണ്ടിൽ നിന്ന് ഡോളറായി കൈമാറാമെന്നും, അതിൽ 5 ലക്ഷം രൂപ ഉടൻ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. കറൻസി മാറ്റുന്നതിനുള്ള പ്രൊസസിംഗ് ചാർജായി ആദ്യം 5,000 രൂപ ആവശ്യപ്പെട്ടു. ഇത് നൽകിയതിന് ശേഷം പിൻ നമ്പർ ലോക്കായെന്നും ഇത് തുറക്കാൻ 18,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ ആദ്യം നൽകിയ 5,000 രൂപ നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് ഭയന്നുപോയ രതികാന്ത 18,000 രൂപ കൈമാറി. ഇതിനുശേഷമാണ് സി.ബി.ഐ ഉദ്യോഗസ്ഥനായ ഠാക്കൂർ എന്ന് പരിചയപ്പെടുത്തി മറ്റൊരാൾ വിളിക്കുന്നത്. ഏജൻസി പിഴ ചുമത്തിയെന്ന വ്യാജേന 50,000 രൂപ കൂടി ആവശ്യപ്പെട്ടു. മുൻപ് നൽകിയ തുക തിരികെ ലഭിക്കില്ലെന്ന ഭയത്താൽ രതികാന്ത ഡിജിറ്റൽ പേയ്മെന്റ് ആപ്പ് വഴി വീണ്ടും പണം അയച്ചുകൊടുത്തു. ഇങ്ങനെ പല ഘട്ടങ്ങളിലായി 1.04 ലക്ഷത്തിലധികം രൂപ ഇയാൾക്ക് നഷ്ടമായി. തട്ടിപ്പുകാർ വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് രതികാന്തയ്ക്ക് മനസ്സിലായത്.
തട്ടിപ്പ് ഉറപ്പിക്കാനായി 5 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള വ്യാജ കത്തും സി.ബി.ഐ ഉദ്യോഗസ്ഥന്റേതെന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും തട്ടിപ്പുകാർ രതികാന്തയ്ക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തിൽ രതികാന്ത സൈബർ ക്രൈം ഹെൽപ്പ് ലൈനായ 1930-ൽ വിവരമറിയിക്കുകയും പിന്നീട് ബയ്യപ്പനഹള്ളി പോലീസിൽ പരാതി നൽകുകയും ചെയ്തു. വിവരസാങ്കേതികവിദ്യാ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപരിചിതരിൽ നിന്നുള്ള ഇത്തരം വീഡിയോ കോളുകളിലോ പണവാഗ്ദാനങ്ങളിലോ വഞ്ചിക്കപ്പെടരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
