ടെലിവിഷൻ റിയാലിറ്റി ഷോയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെ ചൊല്ലി പുതിയ വിവാദം. തന്റെ അനുവാദമില്ലാതെയും ക്രെഡിറ്റ് നൽകാതെയും ഡിസൈൻ ഉപയോഗിച്ചുവെന്ന ആരോപണവുമായി പ്രവാസി കലാകാരൻ സിജിൻ ഗോപിനാഥൻ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്. യു.എ.ഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ മനുഷ്യരെ നേരിൽക്കണ്ട് വരച്ച ‘ഗ്ലോബൽ പീസ് ആർട്ട് വർക്ക്’ എന്ന സ്വന്തം കലാരൂപത്തിന് സമാനമായ ഡിസൈനാണ് മോഹൻലാലിന്റെ വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് സിജിൻ ചൂണ്ടിക്കാട്ടി. പ്രചോദനം ഉൾക്കൊള്ളുന്നതിൽ തെറ്റില്ലെന്നും എന്നാൽ യഥാർത്ഥ ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക എന്നത് അടിസ്ഥാനപരമായ ബഹുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിനെതിരെയല്ല, മറിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ച ഫാഷൻ-ഡിസൈൻ ടീമിനോടാണ് തന്റെ വിയോജിപ്പെന്നും സിജിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതീവ ശ്രദ്ധ നേടി പോസ്റ്റ്; പ്രതികരിച്ച് പേഴ്സണൽ സ്റ്റൈലിസ്റ്റ്
വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് താനാണെങ്കിലും നിലവിൽ ഈ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ ഒരുക്കുന്നത് താനല്ലെന്ന് ശാന്തി കൃഷ്ണ വ്യക്തമാക്കി. അതിനിടെ, റിയാലിറ്റി ഷോയ്ക്കായി മോഹൻലാൽ ധരിക്കുന്ന വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ ഉന്നയിക്കപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പ്രവീൺ വർമ തയ്യാറായിട്ടില്ല. പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ലളിതമായ ലുക്കുകളാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് മാത്രമാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
വിവാദമല്ല ലക്ഷ്യമെന്ന് കലാകാരൻ; മുൻ നിലപാടിൽ ഉറച്ച് സിജിൻ
പ്രതികരണങ്ങൾ ശക്തമായതോടെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ വീണ്ടും രംഗത്തെത്തി. താൻ ഏറെ ബഹുമാനിക്കുന്ന മോഹൻലാലിനെതിരെ നെഗറ്റിവിറ്റി സൃഷ്ടിക്കാനോ വിവാദങ്ങളിലൂടെ ശ്രദ്ധ നേടാനോ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദ്യ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഡൂഡിൽ ആർട്ടിന്മേൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ തന്റെ ചിത്രത്തിലെ മുഖങ്ങൾ മൂന്ന് വർഷത്തെ അധ്വാനത്തിലൂടെ വരച്ച യഥാർത്ഥ മനുഷ്യരുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിനെതിരായ ഹേറ്റ് കാംപയിനായി തന്റെ വാക്കുകളെ മാറ്റരുതെന്ന് അഭ്യർഥിച്ച സിജിൻ, താൻ ഉന്നയിച്ച വിഷയത്തിൽ ഉറച്ചുനിൽക്കുന്നതായും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]