നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ താജ് റിസോർട്ടിൽ വെച്ച് നടന്ന തികച്ചും സ്വകാര്യമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത് മുതൽ ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ഒടുവിൽ പുറത്തുവന്നു.
ചുവന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് അഹാന വധുവായി എത്തിയത്. അഹാനയുടെ ലുക്ക് കണ്ട് ദേവതയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. ‘എംലോഫ്റ്റ്’ എന്ന പ്രശസ്ത ബ്രാൻഡിൽ നിന്നാണ് അഹാന തന്റെ വിവാഹ സാരി തിരഞ്ഞെടുത്തത്. തന്റെ മനസ്സിലുണ്ടായിരുന്ന പ്രത്യേക ചുവപ്പ് നിറത്തിലുള്ള സാരി യാഥാർത്ഥ്യമാക്കിയതിന് ഡിസൈനർ ജോയലിന് അഹാന നന്ദി അറിയിച്ചു. ഭാവിയിൽ തന്റെ മക്കൾക്കും കൊച്ചുമക്കൾക്കും അഭിമാനത്തോടെ കൈമാറാൻ കഴിയുന്ന അത്രയും പ്രിയപ്പെട്ട ഒന്നാണ് ഈ സാരിയെന്നും താരം കുറിച്ചു.
അതേസമയം, എന്തുകൊണ്ടാണ് അഹാനയ്ക്ക് വേണ്ടി ചുവപ്പ് നിറം തന്നെ തിരഞ്ഞെടുത്തതെന്ന് എംലോഫ്റ്റ് ഉടമയായ ജോയൽ വ്യക്തമാക്കുകയുണ്ടായി. അഹാന തന്നെക്കാൾ മുൻപേ തന്റെ മനസ്സിലും ആ നിറം ഉണ്ടായിരുന്നുവെന്ന് ജോയൽ പറയുന്നു. ഒരു മൂത്ത സഹോദരിയെപ്പോലെ കുടുംബത്തെയും സഹോദരങ്ങളെയും കരുതലോടെ സംരക്ഷിക്കുന്ന ദുർഗ്ഗാദേവിയുടെ ഭാവവും, ലക്ഷ്മി ദേവിയെപ്പോലെയുള്ള രൂപസൗന്ദര്യവുമാണ് അഹാനയ്ക്കുള്ളത്.
ഈ രണ്ട് ഭാവങ്ങൾക്കും ഏറ്റവും അനുയോജ്യമായ നിറം ചുവപ്പായതിനാലാണ് ആ നിറം തിരഞ്ഞെടുത്തത്. അഹാനയുടെ വ്യക്തിത്വവുമായി ചേർന്നുനിൽക്കുന്ന ഡിസൈനുകളാണ് സാരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാരി കണ്ടപ്പോൾ അഹാനയുടെയും അമ്മ സിന്ധുവിന്റെയും മുഖത്തുണ്ടായ സന്തോഷമാണ് തന്റെ ഏറ്റവും വലിയ പുരസ്കാരമെന്നും ജോയൽ കൂട്ടിച്ചേർത്തു.
