ബെംഗളൂരുവിൽ നായയെ വളർത്താൻ വീടിന്റെ വലിപ്പം അളക്കും? വരുന്നത് വൻ മാറ്റങ്ങൾ!

ബെംഗളൂരുവിലെ പെറ്റ് ഡോഗ് നയം വീണ്ടും സജീവമാകുന്നു. നഗരത്തിലെ അഞ്ച് പുതിയ കോർപ്പറേഷനുകളും ചേർന്ന് ഏകീകൃത ലൈസൻസിംഗ് ചട്ടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതനുസരിച്ച് മൂന്ന് മാസത്തിന് മുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ സാധ്യതയുണ്ട്. കൂടാതെ വീടിന്റെ വിസ്തീർണ്ണത്തിന് അനുസരിച്ച് വളർത്താവുന്ന നായ്ക്കളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനും നിർദ്ദിഷ്ട നയത്തിൽ നിർദ്ദേശമുണ്ട്.

കഴിഞ്ഞ ജൂണിൽ അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് (UDD) അഞ്ച് കോർപ്പറേഷനുകളോടും പെറ്റ് ഡോഗ് ലൈസൻസിംഗിനായി ഏകീകൃത ഉപനിയമങ്ങൾ തയാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. മുൻപ് ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) തയാറാക്കിയ നയം വിജ്ഞാപനം ചെയ്യാതെ തിരിച്ചയച്ചതിനെ തുടർന്നാണ് പുതിയ നീക്കം. നിലവിൽ ബി.ബി.എം.പി അഞ്ച് കോർപ്പറേഷനുകളായി പുനഃസംഘടിപ്പിക്കപ്പെട്ടതോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) നേതൃത്വത്തിൽ പൊതുവായൊരു നയം അന്തിമമാക്കാനുള്ള ചർച്ചകൾ നടന്നു വരികയാണ്. വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ, വാക്സിനേഷൻ, വന്ധ്യംകരണം, നിയന്ത്രണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ കരട് നയം അനുസരിച്ച് ഈസ്റ്റ് കോർപ്പറേഷൻ തയാറാക്കിയ വ്യവസ്ഥകളിൽ, മൂന്ന് മാസത്തിന് മുകളിലുള്ള നായ്ക്കൾക്ക് പ്രതിവർഷം 500 രൂപ ഫീസ് നൽകി രജിസ്ട്രേഷൻ പുതുക്കേണ്ടി വരും. എന്നാൽ നാടൻ (Mongrel) നായ്ക്കൾക്ക് 50 രൂപ മാത്രമായിരിക്കും ഫീസ്. വീടിന്റെ വിസ്തീർണ്ണം അനുസരിച്ച് 581 ചതുരശ്ര അടി വരെയുള്ള വീടുകളിൽ ഒരു നായയെയും, 581 മുതൽ 1,163 ചതുരശ്ര അടി വരെയുള്ള വീടുകളിൽ രണ്ട് നായ്ക്കളെയും വളർത്താം. 1,453 മുതൽ 2,325 ചതുരശ്ര അടി വരെയുള്ള വീടുകളിൽ മൂന്ന് നായ്ക്കൾ വരെയാകാം. രണ്ടിൽക്കൂടുതൽ നായ്ക്കളെ വളർത്തുന്നവർ അധികമുള്ളവ നാടൻ ഇനത്തിൽപ്പെട്ടവയാണെന്ന് ഉറപ്പാക്കണം. എന്നാൽ ഉപേക്ഷിക്കപ്പെട്ടതോ പരിക്കേറ്റതോ ആയ നായ്ക്കളെ സംരക്ഷിക്കുന്നവർക്ക് ആവശ്യമായ സ്ഥലസൗകര്യവും ശുചിത്വവും ഉറപ്പാക്കി അധികൃതരുടെ അനുമതിയോടെ 10 നായ്ക്കളെ വരെ വളർത്താൻ ഇളവ് നൽകുന്നുണ്ട്.

നായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം, മൈക്രോചിപ്പിംഗ് എന്നിവ നിർബന്ധമാക്കുന്നതിനൊപ്പം, പുറത്തു കൊണ്ടുപോകുമ്പോൾ ബെൽറ്റിൽ കെട്ടണമെന്നും മാലിന്യങ്ങൾ ഉടമസ്ഥർ തന്നെ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. അപ്പാർട്ടുമെന്റുകളിൽ പെറ്റ് നായ്ക്കൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾക്ക് (RWA) അവകാശമുണ്ടായിരിക്കില്ല. കൂടാതെ പെറ്റ് ഷോപ്പുകൾ, ബ്രീഡർമാർ, പരിശീലകർ എന്നിവർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും. അതേസമയം, നയം ഉടൻ നടപ്പിലാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുമ്പോൾ, ഇത് പെറ്റ് ഉടമകളെ ഉപദ്രവിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും കോർപ്പറേഷൻ ആദ്യം തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മൃഗസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts