കെ.എഫ്.സി, ഡൊമിനോസ് ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഏഴ് കെ.എഫ്.സി (KFC) ഔട്ട്‌ലെറ്റുകളുടെയും രണ്ട് ഡൊമിനോസ് പിസ (Domino’s Pizza) ഔട്ട്‌ലെറ്റുകളുടെയും എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസുകൾ തെലങ്കാന സ്റ്റാൻഡേർഡ്സ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്സ് (TG SAFE) സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച (നവംബർ 12) നഗരത്തിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ 26 ശാഖകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്.

പാറ്റകളുടെയും ഈച്ചകളുടെയും ശല്യം, എലിക്കാഷ്ഠം, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, ഉപയോഗിച്ച പാചക എണ്ണ അനധികൃതമായി വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കൽ തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പരിശോധനയിൽ ഏകദേശം 52 കിലോഗ്രാം സിന്തറ്റിക് മഗ്നീഷ്യം സിലിക്കേറ്റ് പിടിച്ചെടുക്കുകയും മായം കലർത്തിയെന്ന സംശയത്തെ തുടർന്ന് 20 ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന 13 പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

മദീനഗുഡ-മിയാപ്പൂർ, സിന്ധി കോളനി, ചാർമിനാർ, മൂസാരാംബാഗ്, ബഞ്ചാര ഹിൽസ്, ഹൈടെക് സിറ്റിയിലെ ശിൽപ കലാ വേദിക, മാധാപൂരിലെ ഇനോർബിറ്റ് മാൾ എന്നിവിടങ്ങളിലെ കെ.എഫ്.സി ഔട്ട്‌ലെറ്റുകളുടെയും, കൊണ്ടാപ്പൂരിലെ ശരത് സിറ്റി മാൾ, മാധാപൂരിലെ ഇനോർബിറ്റ് മാൾ എന്നിവിടങ്ങളിലെ ഡൊമിനോസ് പിസ ഔട്ട്‌ലെറ്റുകളുടെയും ലൈസൻസുകളാണ് റദ്ദാക്കിയത്. ഈ സ്ഥാപനങ്ങളിൽ ഉപയോഗിച്ച എണ്ണ അരിച്ചെടുക്കാൻ അനധികൃതമായി മഗ്നീഷ്യം സിലിക്കേറ്റ് ഉപയോഗിക്കുന്നതായും, ഭിത്തികളിൽ പൂപ്പൽ വളർച്ചയുള്ളതായും, എണ്ണമയമുള്ള പാത്രങ്ങളും വൃത്തിഹീനമായ അടുക്കള ഉപകരണങ്ങളും ഉപയോഗിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.

ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട ഒൻപത് സ്ഥാപനങ്ങളുടെയും വിവരങ്ങൾ സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) തുടങ്ങിയ ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകൾക്ക് കൈമാറുമെന്ന് ടി.ജി. സേഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ലൈസൻസുകൾ പുനഃസ്ഥാപിക്കുന്നത് വരെ ഈ ശാഖകളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകും.

ലൈസൻസ് റദ്ദാക്കിയതിന് പുറമെ മറ്റ് ചില ശാഖകൾക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിസാംപേട്ട്, മിയാപ്പൂർ, ഹിമായത്ത് നഗർ, മലക്പേട്ട് എന്നിവിടങ്ങളിലെ നാല് ഡൊമിനോസ് ശാഖകൾക്കും, കൊണ്ടാപ്പൂർ, കാർഖാന, ഹിമായത്ത് നഗർ, ഷെയ്ഖ്പേട്ട് എന്നിവിടങ്ങളിലെ നാല് കെ.എഫ്.സി ശാഖകൾക്കും ന്യൂനതകൾ പരിഹരിക്കുന്നതിനായി ഇംപ്രൂവ്മെന്റ് നോട്ടീസുകൾ നൽകും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. കൂടാതെ, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ കാർഖാന, ഗച്ചിബൗളി, ഹൈടെക് സിറ്റി എന്നിവിടങ്ങളിലെ മൂന്ന് ഡൊമിനോസ് ഔട്ട്‌ലെറ്റുകൾക്കും നിസാംപേട്ട്, ഗച്ചിബൗളി എന്നിവിടങ്ങളിലെ രണ്ട് കെ.എഫ്.സി ഔട്ട്‌ലെറ്റുകൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts