വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ ‘ടോക്സിക്കിന്’ പിന്തുണയുമായി ബെംഗളൂരു കോടതി

കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിനെതിരായ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾക്ക് വിലക്കേർപ്പെടുത്തി ബെംഗളൂരു സിറ്റി സെഷൻസ് കോടതി. ചിത്ര നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിലാണ് കോടതിയുടേ ഉത്തരവ്.

സിനിമയെക്കുറിച്ച് വ്യാജവും വ്യക്തിഹത്യ നടത്തുന്നതുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതും പൂർണ്ണമായും തടയണമെന്ന് ആവശ്യപ്പെട്ടാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. എക്സ് കോർപ്പറേഷൻ (X Corp) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും വ്യാജ അക്കൗണ്ടുകളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. പ്രാഥമിക വാദം കേട്ട കോടതി, റിലീസിന് തൊട്ടുമുമ്പ് ചിത്രത്തിന് ഹാനികരമാകുന്ന പ്രചാരണങ്ങൾ തടയേണ്ടതുണ്ടെന്ന് നിരീക്ഷിക്കുകയും സെപ്റ്റംബർ 28 വരെ താൽക്കാലിക സ്റ്റേ അനുവദിക്കുകയുമായിരുന്നു.

അതേസമയം, സിനിമയുടെ സ്വാഭാവിക അവലോകനങ്ങൾക്കും (Reviews) വിമർശനങ്ങൾക്കും ഈ ഉത്തരവ് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപകീർത്തികരവും വ്യാജവുമായ വാർത്തകളും ദുദ്ദേശ്യപരമായ പ്രചാരണങ്ങളും തടയുന്നതിന് മാത്രമാണ് കോടതിയുടെ സംരക്ഷണം. 30 ദിവസത്തിനുള്ളിൽ എതിർകക്ഷികളുടെ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാൻ നിർമ്മാതാക്കൾ നടപടിക്രമങ്ങൾ പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ടോക്സിക്’ 1940-കൾക്കും 70-കൾക്കും ഇടയിലുള്ള ഗോവ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായാണ് നാളെ തിയറ്ററുകളിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts