ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ സൗജന്യ വൈദ്യുതി പദ്ധതിയായ ‘ഗൃഹജ്യോതി’യിൽ ക്രമക്കേടുകൾ തടയുന്നതിനും അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളുമായി കോൺഗ്രസ് സർക്കാർ. പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 1 മുതൽ സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികളിലെയും (എസ്കോം) ജീവനക്കാർ വീടുതോറുമുള്ള ഈ പരിശോധന ആരംഭിക്കും.
പ്രത്യേക മൊബൈൽ ആപ്പ് വഴിയും ഡിക്ലറേഷൻ ഫോമിലൂടെയുമാണ് വിവരങ്ങൾ ശേഖരിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുക. പരിശോധനയ്ക്കായി എത്തുന്ന ബെസ്കോം (BESCOM) ഉൾപ്പെടെയുള്ള വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് മുന്നിൽ ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. തിരിച്ചറിയൽ രേഖകൾ, ഗുണഭോക്താവിന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ വാടകവീടുകളിൽ താമസിക്കുന്നവരാണെങ്കിൽ വാടകക്കരാർ രേഖകളും പരിശോധനാ സമയത്ത് കാണിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മീറ്റർ റീഡർമാർ മുഖേനയുള്ള നേരിട്ടുള്ള പരിശോധനയിലൂടെ മാത്രമേ ഇനിമുതൽ ആനുകൂല്യങ്ങൾ തുടരുകയുള്ളൂ. അതിനാൽ ഉപഭോക്താക്കൾ ജീവനക്കാരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ഊർജ്ജ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ വീടുകൾക്കും പ്രതിമാസം പരമാവധി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹജ്യോതി പദ്ധതി നടപ്പിലാക്കിയത്. ഈ ആനുകൂല്യം പൂർണ്ണമായും ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കടകൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഗുണഭോക്താക്കൾ നിർബന്ധമായും കർണാടക സംസ്ഥാനത്ത് താമസിക്കുന്നവരായിരിക്കണം. വാടകവീടുകളിൽ താമസിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെങ്കിലും, ഒരു തിരിച്ചറിയൽ രേഖയ്ക്ക് ഒരു മീറ്ററിൽ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കുന്നു.
