ബെംഗളൂരു: യന്ത്രസമാനമായി ഓടുന്ന നഗരജീവിതങ്ങൾക്കിടയിൽ അപരിചിതരിൽ നിന്ന് ലഭിക്കുന്ന ചെറിയ കരുതലുകൾ പോലും നൽകുന്ന സന്തോഷം വലുതാണ്. രാത്രി വൈകി വീട്ടുവാതിൽക്കൽ സാധനവുമായെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിന്റെ കരുതൽ ബെംഗളൂരുവിലെ ഒരു അമ്മയുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ‘വളരെ മധുരമുള്ള അനുഭവം’ എന്ന അടിക്കുറിപ്പോടെ ആ അമ്മ തന്നെയാണ് ഈ സംഭവം പങ്കുവെച്ചത്.
രാത്രി പത്തു മണിയോടെയാണ് കുഞ്ഞിന്റെ ഡയപ്പറുകൾ തീർന്ന വിവരം യുവതി ശ്രദ്ധിക്കുന്നത്. തുടർന്ന് ഫ്ലിപ്കാർട്ട് മിനിറ്റ്സ് ആപ്പ് വഴി അടിയന്തരമായി ഡയപ്പർ ഓർഡർ നൽകി. അരമണിക്കൂറിനുള്ളിൽ, അതായത് രാത്രി 10.30-ഓടെ ഡെലിവറി ഏജന്റ് സാധനങ്ങളുമായി വീട്ടിലെത്തി. എന്നാൽ വീടിന്റെ ഡോർബെൽ അടിക്കുന്നതിന് പകരം ഫോണിൽ വിളിച്ച് വാതിൽ തുറക്കാൻ അഭ്യർത്ഥിക്കുകയാണ് അയാൾ ചെയ്തത്.
വാതിൽ തുറന്ന യുവതി എന്തുകൊണ്ടാണ് ഡോർബെൽ അടിക്കാതിരുന്നതെന്ന് ചോദിച്ചപ്പോഴാണ് ഡെലിവറി ബോയിയുടെ മറുപടി എത്തിയത്. ഡയപ്പർ ഓർഡർ ചെയ്തതുകൊണ്ട് വീട്ടിൽ ചെറിയ കുഞ്ഞുണ്ടാകുമെന്നും ഈ സമയത്ത് ബെല്ലടിച്ചാൽ ഉറങ്ങുന്ന കുഞ്ഞ് ഉണർന്നേക്കുമെന്നും കരുതിയാണ് ഫോൺ ചെയ്തതെന്നായിരുന്നു ഡെലിവറി ഏജന്റിന്റെ മറുപടി.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ചുപോലും അപരിചിതനായ ആ യുവാവ് കാണിച്ച വലിയ മനസ്സ് തന്നിൽ വലിയ വികാരനിർഭരമായ നിമിഷമാണ് സമ്മാനിച്ചതെന്ന് യുവതി കുറിച്ചു. ചില സമയങ്ങളിൽ അപരിചിതരിൽ നിന്നുണ്ടാകുന്ന ഇത്തരം ചെറിയ കരുതലുകൾ മനസ്സിൽ എന്നും നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് ഡെലിവറി ഏജന്റിന്റെ ഉത്തരവാദിത്തബോധത്തെയും മനുഷ്യത്വത്തെയും പ്രശംസിച്ച് രംഗത്തെത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]