ബെംഗളൂരു: ദാവൺഗെരെ, ഹാവേരി, ചിത്രദുർഗ്ഗ, വിജയനഗര എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയ-സംസ്ഥാന പാതകളിൽ അതിവേഗ വാഹനങ്ങളിടിച്ച് പുള്ളിപ്പുലികളും കരടികളും ഉൾപ്പെടെയുള്ള വന്യജീവികൾ അപകടത്തിൽപ്പെടുന്നതും കൊല്ലപ്പെടുന്നതും പതിവാകുന്നു. ഈ ജില്ലകളിലെ കുന്നിൻപ്രദേശങ്ങളിലൂടെയും കാടുകളിലൂടെയും കടന്നുപോകുന്ന പാതകളിലാണ് മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നത്.
പകലിലെ രൂക്ഷമായ ഗതാഗതവും മനുഷ്യസാന്നിധ്യവും കാരണം അർദ്ധരാത്രിക്ക് ശേഷമാണ് വന്യമൃഗങ്ങൾ ആഹാരവും വെള്ളവും തേടി ജനവാസ മേഖലകളിലേക്കും കാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നത്. ഈ സമയങ്ങളിൽ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളെ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രി ചിത്രദുർഗ്ഗ താലൂക്കിലെ തമതകല്ലുവിന് സമീപം തിരിച്ചറിയാത്ത വാഹനം ഇടിച്ച് ഒരു പുള്ളിപ്പുലി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതേ സ്ഥലത്ത് ഒന്നിലധികം പുള്ളിപ്പുലികളും കരടികളും അപകടത്തിൽപ്പെട്ട് ചത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 8-ന് ദാവൺഗെരെ താലൂക്കിലെ അണഗോഡിന് സമീപം ദേശീയപാത 48 മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മറ്റൊരു പുള്ളിപ്പുലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിറ്റേന്ന് അതിനെ രക്ഷപ്പെടുത്താനെത്തിയ വനംവകുപ്പ് ജീവനക്കാരെ പുലി ആക്രമിക്കുകയുമുണ്ടായി. തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ ഹംപിയിലെ മൃഗശാലയിലേക്കും പിന്നീട് ബന്നാർഘട്ട നാഷണൽ പാർക്കിലേക്കും മാറ്റി.
നിയമനടപടികൾ ഭയന്ന്, മൃഗങ്ങളെ ഇടിക്കുന്ന വാഹന ഡ്രൈവർമാർ വനംവകുപ്പിലെയോ ഹൈവേ പട്രോളിംഗിലെയോ ഉദ്യോഗസ്ഥരെ വിവരമറിയിക്കാതെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു. പുള്ളിപ്പുലികൾക്കും കരടികൾക്കും പുറമെ മാൻ, കാട്ടുപൂച്ച, കാട്ടുപന്നി, മരപ്പട്ടി തുടങ്ങിയ ധാരാളം ജീവികളും അപകടത്തിൽ കൊല്ലപ്പെടുന്നുണ്ട്. ചില ജീവികൾ വാഹനമിടിച്ച ശേഷം കാട്ടിലേക്ക് ഓടിപ്പോവുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങളിൽ മരണകാരണം പലപ്പോഴും പുറത്തറിയാതെ പോകുന്നു.
ദേശീയപാതകളിലെ വന്യജീവികളുടെ മ മരണത്തിൽ സർക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദാവൺഗെരെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (DCF) പി. എൻ. ഹർഷവർദ്ധൻ അറിയിച്ചു.
