ബെംഗളൂരു: ദസറ ഉത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള മധുരപലഹാര കടകളിലും നിർമ്മാണ യൂണിറ്റുകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ശുചിത്വവും ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ 90 കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ ഒരേസമയം മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വിവിധതരത്തിലുള്ള മധുരപലഹാരങ്ങളുടെ 145 സാമ്പിളുകൾ എഫ്.എസ്.എസ്.എ.ഐ കൂടുതൽ പരിശോധനകൾക്കായി ശേഖരിച്ചു.
പരിശോധനയിൽ ഭൂരിഭാഗം മധുരപലഹാര നിർമ്മാണ യൂണിറ്റുകളിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഉൽപാദന കേന്ദ്രങ്ങൾ തീർത്തും അശുചിത്വമായ അന്തരീക്ഷത്തിലാണ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് നിർബന്ധമായും വേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും ഉൽപന്നങ്ങളിൽ തെറ്റായ ലേബലുകൾ പതിച്ചാണ് വിപണനം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 15 മധുരപലഹാര നിർമ്മാണ യൂണിറ്റുകൾക്ക് അധികൃതർ നോട്ടിസ് അയക്കുകയും നിയമലംഘനം നടത്തിയ രണ്ട് കമ്പനികൾക്ക് 7,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബെംഗളൂരുവിന് പുറമേ കൊപ്പൽ ജില്ലയിലെ ബസവേശ്വര രാജസ്ഥാൻ സ്വീറ്റ്സ് സ്റ്റോറിലും ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധന നടത്തി. ഉത്സവകാലത്ത് പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ മാത്രം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് ഈ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
