ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ഡൽഹി ജന്തർ മന്തറിലെ പോലീസ് നടപടിയിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പരസ്യ പ്രക്ഷോഭങ്ങൾക്കിടെ ആക്രമണം. ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ വെച്ച് ബി.ജെ.പി എം.എൽ.എ ബി.പി. ഹരീഷിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ശിവാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവം നടന്നത്.

കോൺഗ്രസ്-ബി.ജെ.പി പോര് മുറുകുന്നു; പോലീസിന്റെ കർശന മുന്നറിയിപ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും ഡൽഹി ജന്തർ മന്തറിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ നടന്ന പോലീസ് നടപടിയിലും ലത്തിച്ചാർജിലും പ്രതിഷേധിച്ച് മല്ലേശ്വരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച എതിർ പ്രതിഷേധത്തിനിടയിലാണ് എം.എൽ.എ ആക്രമിക്കപ്പെട്ടത്.

ബി.ജെ.പി എം.എൽ.എമാരായ ബി.പി. ഹരീഷ്, സി.എൻ. അശ്വഥ് നാരായൺ എന്നിവർക്ക് നേരെ മുട്ടയേറുണ്ടായെന്നും, ചില ഭാരവാഹികളെ പൈപ്പുകളും വടികളും ഉപയോഗിച്ച് മർദിച്ചെന്നും ആരോപിച്ച് ബി.ജെ.പി നേതൃത്വം പോലീസിൽ പരാതി നൽകി. ബി.പി. ഹരീഷിന്റെ തലയിൽ മുട്ട പതിക്കുന്നതിന്റെയും തുടർന്ന് പോലീസ് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ നഗരത്തിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ് രംഗത്തെത്തി. ഫ്രീഡം പാർക്കിലെ നിർദ്ദിഷ്ട സമര പന്തലിൽ അല്ലാതെ നഗരത്തിലെവിടെയും നിയമവിരുദ്ധമായി പ്രതിഷേധിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിക്കാനോ നിയമം കയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും സിറ്റി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts