ഇന്ദിരാനഗറിൽ വൻ കവർച്ചാശ്രമം: യുവതിയുടെ കൈകൾ മേശയിൽ ഒട്ടിച്ച് കത്തിമുനയിൽ നിർത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: ഇന്ദിരാനഗറിലെ കടയിൽ ജോലിക്കാരിയായ യുവതിയെ കത്തിമുനയിൽ നിർത്തി സ്വർണ്ണമാല കവരാൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതിയുടെ കൈകൾ മേശയിൽ ഫെവിക്വിക് ഒഴിച്ച് ഒട്ടിച്ചു വെച്ച ശേഷമായിരുന്നു കവർച്ചാശ്രമം. സംഭവത്തിൽ ഡെലിവറി ഏജൻറ്റായി ജോലി ചെയ്യുന്ന പ്രഭുരാജ് (രാജ്) എന്നയാളെ ഇന്ദിരാനഗർ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 31-ന് രാവിലെ 11.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ആരെങ്കിലും പിന്തുടർന്ന് കൊല്ലാൻ വരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് കടയ്ക്കുള്ളിലേക്ക് കയറിയ പ്രതി, പെട്ടെന്ന് യുവതിക്ക് നേരെ തിരിയുകയായിരുന്നു.തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി നാലര ലക്ഷത്തോളം രൂപ വിലമതിക്കുന്ന 35 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ആവശ്യപ്പെട്ടു.

പ്രതിരോധിക്കാനോ ഓടി രക്ഷപ്പെടാനോ സാധിക്കാത്ത വിധം യുവതിയുടെ ഇരു കൈകളിലും ഫെവിക്വിക് ഒഴിച്ച് കടയിലെ മേശയിൽ ഒട്ടിച്ചു വെച്ച ശേഷമാണ് പ്രതി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇതോടെ യുവതി ബഹളം വെക്കുകയും,നിലവിളി കേട്ട് സമീപത്തെ വ്യാപാരികളും വഴിയാത്രക്കാരും ഓടിയെത്തുകയുമായിരുന്നു. ആളുകൾ തടിച്ചുകൂടിയതോടെ യുവതിയെ മനുഷ്യകവചമാക്കി മാറ്റി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു. അടുത്തേക്ക് വന്നാൽ യുവതിയെ വധിക്കുമെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി.

എന്നാൽ, സമയോചിതമായി ഇടപെട്ട നാട്ടുകാർ പ്രതിയുടെ ശ്രദ്ധതിരിച്ച് ഇയാളെ സാഹസികമായി കീഴടക്കി പോലീസിലേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഇന്ദിരാനഗർ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമത്തിനിടയിൽ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts