അഹമ്മദാബാദ്: മാനസികാസ്വസ്ഥതയുള്ള പിതാവ് പത്തു വയസ്സുകാരനായ മകനെ വീട്ടിലെ പൂജാപീഠത്തിൽ തലയ്ക്കടിച്ചുകൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലുള്ള വിൻഛിയ ഗ്രാമത്തിൽ സാനന്ദ് താലൂക്കിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൃഷിപ്പണിക്കാരനായ നരേഷ് പട്ടേൽ എന്നയാളാണ് സ്വന്തം മകൻ കരണിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
കുടുംബ വഴക്കിനെത്തുടർന്ന് നരേഷിന്റെ ഭാര്യ ഭാരതിബെൻ സ്വന്തം വീട്ടിലേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. മകന്റെ സ്കൂൾ പഠനം മുടങ്ങാതിരിക്കാനാണ് കുട്ടിയെ പിതാവിനൊപ്പം നിർത്തി ഭാരതിബെൻ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഞായറാഴ്ച രാത്രി അയൽവാസിയാണ് ഭാരതിബെന്നിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. രാത്രി 9.30-ഓടെ ഗ്രാമത്തിലെത്തിയ ഇവർ കണ്ടത് തലയിൽ വലിയ മുറിവുകളോടെ കട്ടിലിൽ ചോരയിൽ കുളിച്ചുകിടക്കുന്ന മകനെയും അവന്റെ അരികിൽ ചോരപുരണ്ട വസ്ത്രങ്ങളുമായി കിടക്കുന്ന ഭർത്താവിനെയുമാണ്.
ഗ്രാമദേവതയുടെ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ‘ഭുവ’ എന്ന പരമ്പരാഗത ആചാര പദവി കുടുംബത്തിലെ മറ്റാരിലേക്കും എത്താതിരിക്കാനാണ് മകനെ ദേവിയുടെ പൂജാപീഠത്തിൽ ബലി നൽകിയതെന്ന് പ്രതി ഭാര്യയോട് പറഞ്ഞതായി പോലീസ് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിയുടെ പിതാവും മുൻപ് ‘ഭുവ’ ആയിരുന്നു. അച്ഛനുശേഷം താൻ ആ പദവി ഏറ്റെടുത്തുവെന്നും, ഇനി കുടുംബത്തിൽ മറ്റാരും ഈ സ്ഥാനത്തേക്ക് വരാതിരിക്കാനാണ് ഏകമകനെ ബലി നൽകിയതെന്നുമാണ് നരേഷ് അവകാശപ്പെട്ടത്.
കുട്ടിയുടെ കാലുകളിൽ പിടിച്ച് പൂജാപീഠത്തിന് മുന്നിൽ രണ്ടു മൂന്ന് തവണ നിലത്തടിക്കുകയും തുടർന്ന് വടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന് സമീപം കട്ടിലിൽ കിടന്നുറങ്ങി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]