മണിക്കൂറിൽ 280 കി.മീ വേഗത! മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ കാണാൻ ബെംഗളൂരുവിൽ നേരിട്ടെത്തി റെയിൽവേ മന്ത്രി

ബെംഗളൂരു: ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിനായ ‘B28’-ന്റെ നിർമ്മാണ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടെത്തി വിലയിരുത്തി. ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (BEML) നിർമ്മാണ കേന്ദ്രത്തിലെത്തിയ മന്ത്രി ട്രെയിനിന്റെ വിവിധ നിർമ്മാണ ഘട്ടങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.

ട്രെയിൻ കോച്ചുകളുടെ ബോഡി നിർമ്മാണത്തിനായുള്ള കൃത്യതയാർന്ന യന്ത്രസംവിധാനങ്ങൾ പരിശോധിച്ച മന്ത്രി അണ്ടർഫ്രെയിം, സൈഡ് വാൾ, റൂഫ് അസംബ്ലി, കാർ അസംബ്ലി എന്നിവയുൾപ്പെടെയുള്ള പ്രധാന ഉൽപ്പാദന ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ട്രെയിനിന്റെ ഘടനാപരമായ കരുത്തും ഉറപ്പും പരിശോധിക്കുന്നതിനായി നടത്തുന്ന നിർണ്ണായകമായ ‘സ്ക്വീസ് ടെസ്റ്റ്’ ഡെമോൺസ്ട്രേഷനും മന്ത്രി വിലയിരുത്തി. കൂടാതെ, യാത്രാ സീറ്റുകൾ, ഹീറ്റിംഗ് ആന്റ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ് (HVAC) സംവിധാനം, കൂപ്ലറുകൾ തുടങ്ങി ട്രെയിനിലെ അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും അദ്ദേഹം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി.

മണിക്കൂറിൽ പരമാവധി 280 കിലോമീറ്റർ വേഗതയും 249 കിലോമീറ്റർ പ്രവർത്തന വേഗതയുമുള്ളതാണ് ഈ ആധുനിക ബുള്ളറ്റ് ട്രെയിൻ. 202 മീറ്റർ നീളമുള്ള ട്രെയിനിൽ 8 കോച്ചുകളിലായി 557 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകും. 2029 ഡിസംബറോടെ പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts