നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി:

ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ബെംഗളൂരു മെട്രോയുടെ നിർദ്ദിഷ്ട പിങ്ക് ലൈൻ പാത ഉടൻ പ്രവർത്തനസജ്ജമാകും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിശ്ചയിച്ച തീയതിക്ക് മുന്നേ നടത്താൻ തീരുമാനിച്ചതായി ബി.ജെ.പി എം.പി തേജസ്വി സൂര്യ ഔദ്യോഗികമായി അറിയിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്ന നവംബർ 15-ന് പകരം നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ എത്തി പുതിയ മെട്രോ പാത നാടിന് സമർപ്പിക്കും. നവംബർ 15-ന് ഉദ്ഘാടനം നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പുതുക്കിയ തീയതി പ്രകാരം പരിപാടി രണ്ടു ദിവസം മുന്നോട്ട് നിശ്ചയിക്കുകയായിരുന്നു.

ആറു മാസത്തെ കാത്തിരിപ്പിന് വിരാമം

കഴിഞ്ഞ ആറു മാസമായി പിങ്ക് ലൈൻ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാങ്കേതികവും നിയമപരവുമായ വിവിധ അനുമതികൾ ലഭ്യമാകുന്നതിലെ കാലതാമസമാണ് ഉദ്ഘാടനം നീളാൻ കാരണമായത്. എന്നാൽ അടുത്തിടെ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറിൽ (CMRS) നിന്ന് റൂട്ടിന് സുരക്ഷാ അനുമതി ലഭിച്ചതോടെ പാത സർവീസിന് പൂർണസജ്ജമായി. പ്രാഥമിക ഘട്ടത്തിൽ ആറ് ട്രെയിനുകള ഉപയോഗിച്ചായിരിക്കും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) സർവീസ് നടത്തുക. ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക സമയക്രമവും വിശദാംശങ്ങളും സർക്കാരും BMRCL-ഉം ഉടൻ പുറത്തുവിടും.

ആദ്യഘട്ടത്തിൽ 7.5 കിലോമീറ്റർ പാത

കലേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈനിന് ആകെ 21.26 കിലോമീറ്റർ നീളമാണുള്ളത്. ഇതിൽ 13.76 കിലോമീറ്റർ ഭാഗം തുരങ്കപാതയാണ്. നിലവിൽ നിർമ്മാണം പൂർത്തിയായ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് ഭാഗമാണ് ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം.ബി, ജെ.പി. നഗർ 4-ാം ഘട്ടം, തവരേക്കരെ എന്നിവയ്‌ക്കൊപ്പം യെല്ലോ, പിങ്ക് ലൈനുകളുടെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായ ജയദേവ ആശുപത്രി ഉൾപ്പെടെ ആറ് സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുന്നത്.

പ്രധാന മേഖലകളിലെ ഗതാഗതക്കുരുക്കിന് ആശ്വാസം

പുതിയ മെട്രോ പാത പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലെ പ്രധാന മേഖലകളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ അളവിൽ പരിഹാരമാകും. പ്രത്യേകിച്ച് ബന്നാർഘട്ട റോഡ്, ഐ.ഐ.എം.ബി, ജെ.പി. നഗർ, ജയദേവ ആശുപത്രി പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസം പകരും. മഴക്കാലത്തും ഓഫീസ് സമയങ്ങളിലും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലകളിൽ മെട്രോ സർവീസ് ആരംഭിക്കുന്നത് യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts