ബെംഗളൂരു: നെലമംഗലയിൽ വായ്പാ കുടിശ്ശികയുടെ പേരിൽ ഇരുചക്രവാഹനം തടഞ്ഞുനിർത്തി അക്രമം കാട്ടിയ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റുമാർക്കെതിരെ പോലീസുകാർ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. താലൂക്കിലെ ടി. ബെഗൂർ സ്വദേശിയായ മുരളി (39) എന്ന വൃക്കരോഗിയാണ് ചികിത്സയിലിരിക്കെ ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ടത്. ഒക്ടോബർ 28-ന് ഡയാലിസിസിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുരളിയെ തടഞ്ഞുനിർത്തിയ ഏജന്റുമാർ വാഹനം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
അല്പം മുന്നോട്ട് മാറ്റി നിർത്തി പണം അടച്ചതിന്റെ രസീതുകൾ കാണിക്കാമെന്ന് മുരളി ഉറപ്പുനൽകിയെങ്കിലും, മദ്യപിച്ചെത്തിയ ഏജന്റുമാർ ഇയാളുടെ വാഹനം ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിയന്ത്രണം വിട്ട് റോഡിൽ വീണ മുരളിക്ക് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ചികിത്സയോട് പ്രതികരിക്കാതെ ഒക്ടോബർ 31-നാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ട് ചെറിയ കുട്ടികളുള്ള തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭർത്താവെന്നും വായ്പ കുടിശ്ശികയൊന്നും ഇല്ലാതിരുന്നിട്ടും മദ്യപിച്ചെത്തിയ എൽ ആന്റ് ടി ഫിനാൻസിലെ ഏജന്റുമാർ അദ്ദേഹത്തെ അപായപ്പെടുത്തുകയായിരുന്നു എന്നും മുരളിയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നെലമംഗല റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
