വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊട്ടു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

ഹൈദരാബാദ്: ശക്തമായ ‘മുറസു’ ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിലെ ഒംഗോളിന് സമീപം കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെയോടെ നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 19 വിമാന സർവീസുകളും നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

മണിക്കൂറിൽ 120 കി.മീ വേഗതയിൽ കാറ്റ്; കനത്ത മഴ മുന്നറിയിപ്പ്

കരതൊട്ട സമയത്ത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശിയടിച്ചത്. തെക്കൻ തീരദേശ ആന്ധ്രയിലും റായലസീമ ജില്ലകളിലും പ്രളയസമാനമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. പൽനാട് ജില്ലയിൽ 30 സെന്റീമീറ്റർ വരെയും പ്രകാശം ജില്ലയിൽ 24 സെന്റീമീറ്ററും മർക്കാപുരത്ത് 19 സെന്റീമീറ്ററും മഴ ലഭിച്ചേക്കാം. ഇതിനുപുറമേ കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിലും ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ മുഴുവൻ വകുപ്പുകളോടും സജ്ജമായിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. കടലാക്രമണ സാധ്യതയും ശക്തമായ കാറ്റും കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തി. ആഴക്കടലിൽ പോയ തൊഴിലാളികൾ ഉടൻ തിരിച്ചെത്തണമെന്നും ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് അധിക സേന

കാറ്റിലും മഴയിലും വൈദ്യുത ബന്ധം തടസ്സപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാരെയും അധിക സേനയെയും തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts