കൊച്ചി: ജനപ്രിയ ഗായികയും അവതാരികയുമായ റിമി ടോമി വിവാഹിതയാകുന്നു. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് റിമി ആരാധകരുമായി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ദീർഘനാളത്തെ അടുത്ത സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറിയതെന്ന് റിമി വെളിപ്പെടുത്തി.
നവംബർ 14-ന് മുംബൈ ഡോംബിവല്ലിയിലെ മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വർഷങ്ങളായി മലയാളികളുടെ പ്രിയങ്കരിയായ റിമി ടോമി, പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വേളയിൽ ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിമി ടോമിയുടെ വാക്കുകൾ:
എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ എന്റെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് ഇത് എന്റെ ചാനലിലൂടെ തന്നെ വന്ന് വെളിപ്പെടുത്തുന്നത്. നവംബറിലാണ് കല്യാണം, കല്യാണക്കുറി കാണിക്കാം.
കല്യാണ ചെറുക്കൻ മുംൈബയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം. മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.
എന്തുവന്നാലും കൂടെ ഉണ്ട് എന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. ഇനി കൂടുതൽ മുംബൈയിലാകും. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം’, റിമിയുടെ വാക്കുകൾ.
