ബെംഗളൂരു: ആദ്യ വിവാഹബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് (1954) പ്രകാരം കഴിക്കുന്ന രണ്ടാം വിവാഹം നിയമപരമായി അസാധുവാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. മുസ്ലീം വ്യക്തിനിയമങ്ങൾക്ക് പകരം സ്വന്തം ഇഷ്ടപ്രകാരം സ്പെഷ്യൽ മാര്യേജ് ആക്ട് തിരഞ്ഞെടുത്ത മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്കും ഈ നിയമം ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ നിയമപരമായ ഭാര്യയായി തന്നെയ അംഗീകരിക്കണമെന്നും സ്വത്ത് തർക്ക കേസിൽ പിന്തുടർച്ചാവകാശിയായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
2008-ലാണ് ഹർജിക്കാരിയായ യുവതി ആദ്യ വിവാഹബന്ധം വേർപെടുത്താത്ത വ്യക്തിയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. സഹോദരൻ ഫയൽ ചെയ്ത സ്വത്ത് വീതംവെപ്പ് കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെ 2024-ൽ ഭർത്താവ് മരണപ്പെട്ടു. തുടർന്ന്, തങ്ങളെക്കൂടി സ്വത്തുതർക്ക കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും മകളും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ യുവതിയെ നിയമപരമായ ഭാര്യയായി അംഗീകരിക്കാൻ വിചാരണക്കോടതി വിസമ്മതിച്ചു. അതേസമയം, മകളെ നിയമപരമായ അവകാശികളിലൊരാളായി കേസിൽ ഉൾപ്പെടുത്താൻ വിചാരണക്കോടതി അനുമതി നൽകി. വിചാരണക്കോടതിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ജൂലൈ 15-ന് കേസിൽ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി വിചാരണക്കോടതിയുടെ തീരുമാനം പൂർണ്ണമായി ശരിവെച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ വിവാഹബന്ധം നിലനിൽക്കുന്നതിനാൽ രണ്ടാം വിവാഹം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം വ്യക്തിനിയമം ഒരാൾക്ക് ഒന്നിലധികം വിവാഹം കഴിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും, അത് വ്യക്തിനിയമപ്രകാരം നടത്തുന്ന വിവാഹങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം സ്പെഷ്യൽ മാര്യേജ് ആക്ട് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, വ്യക്തിനിയമങ്ങൾക്ക് പകരം പാർലമെന്റ് നിർമ്മിച്ച ആ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അവർ പൂർണ്ണമായി ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു.
സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4(എ) പ്രകാരം നിലവിലുള്ള വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിക്കാൻ നിയമപരമായ അനുമതിയില്ല. അതിനാൽ ഇത്തരം വിവാഹങ്ങൾ നിയമപരമായ ദാമ്പത്യബന്ധമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹർജിക്കാരിയുടെ മകളുടെ അവകാശങ്ങൾ ഹൈക്കോടതി സംരക്ഷിച്ചു. അസാധുവായ വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുമെന്നും, അതിനാൽ സ്വത്ത് തർക്ക കേസിൽ കക്ഷിയാകാനും തന്റെ അവകാശങ്ങൾ ഉന്നയിക്കാനും മകൾക്ക് അർഹതയുണ്ടെന്നുമുള്ള വിചാരണക്കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു.
