വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കൊച്ചി: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു വിദേശ വനിതയ്ക്ക് കേരളത്തിൽ നിന്നുണ്ടായ അവിസ്മരണീയമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എടിഎം കൗണ്ടറിൽ അബദ്ധത്തിൽ മറന്നുവെച്ച ഡെബിറ്റ് കാർഡ് തിരികെ നൽകാനായി മണിക്കൂറുകളോളം യാത്ര ചെയ്ത് അത് കൈമാറിയ മലയാളി യുവാക്കളുടെ കാരുണ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വരെ പ്രശംസ പിടിച്ചുപറ്റുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ വിദേശ വനിത തന്നെയാണ് തനിക്കുണ്ടായ ഈ അപൂർവ്വ അനുഭവം പങ്കുവെച്ചത്.

ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന വിദേശ യുവതി കേരളത്തിലെ ഒരു ചെറിയ തീരദേശ നഗരത്തിലെ എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ച ശേഷം ഡെബിറ്റ് കാർഡ് മറന്നുവെച്ചത്. അവിടെ നിന്നും അഞ്ച് മണിക്കൂറിലധികം യാത്ര ചെയ്ത് മറ്റൊരു വലിയ നഗരത്തിൽ എത്തിയപ്പോഴാണ് കാർഡ് നഷ്ടപ്പെട്ട വിവരം അവർ അറിയുന്നത്. തുടർന്ന്, തൊട്ടുമുൻപത്തെ ദിവസം അമേരിക്കയിലേക്ക് ഒരു പാർസൽ അയക്കാനായി താൻ സന്ദർശിച്ച ഡിഎച്ച്എൽ (DHL) ഓഫീസിലെ ജീവനക്കാരനെ അവർ സഹായത്തിനായി വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടു. എടിഎമ്മിൽ കാർഡ് ഇരിപ്പുണ്ടോ എന്ന് അന്വേഷിക്കാമോ എന്നായിരുന്നു ഇവരുടെ അഭ്യർത്ഥന.

ഏതാണ്ട് 24 മണിക്കൂറുകൾക്ക് ശേഷം കാർഡ് സുരക്ഷിതമായി എടിഎം മെഷീന് മുകളിൽ തന്നെയുണ്ടെന്ന വിവരം യുവാവ് യുവതിയെ അറിയിച്ചു. എന്നാൽ, അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്നും മടങ്ങേണ്ടിയിരുന്ന യുവതിക്ക് ഞായറാഴ്ചയായതിനാൽ കൊറിയർ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ കാർഡ് സമയത്തിന് എത്തിക്കുക അസാധ്യമായിരുന്നു. ഇതോടെയാണ് ഡിഎച്ച്എൽ ജീവനക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് വലിയൊരു തീരുമാനമെടുത്തത്.

തങ്ങളുടെ അവധി ദിവസമായിരുന്നിട്ടും വിദേശ വനിതയെ സഹായിക്കാനായി യുവാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ ആറ് മണിക്കൂറിലധികം യാത്ര ചെയ്ത് കാർഡ് നേരിട്ട് എത്തിക്കുകയായിരുന്നു. മടക്കയാത്രയടക്കം 14 മണിക്കൂറോളമാണ് ഇവർ ഇതിനായി മാറ്റിവെച്ചത്. യാത്രാച്ചെലവിനുള്ള പണം നൽകാൻ വിദേശ വനിത ശ്രമിച്ചെങ്കിലും യുവാക്കൾ അത് സ്നേഹപൂർവ്വം നിരസിച്ചു. ബഡ്ജറ്റ് ട്രാവലർ ആയതിനാൽ ആ പണം കൈവശം തന്നെ വെച്ചോളാനായിരുന്നു അവരുടെ മറുപടി. സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ ‘കൃഷ്ണ’ എന്നാണ് യുവതി ഈ യുവാവിനെ തന്റെ കുറിപ്പിൽ വിശേഷിപ്പിച്ചത്. മാനവികതയിലുള്ള തന്റെ വിശ്വാസം തിരികെ നൽകിയ അനുഭവമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മലയാളി യുവാക്കളുടെ നന്മയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. “കേരളം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല” എന്നും, “ഇന്ത്യക്കാരുടെ അതിഥി സൽക്കാരവും സ്നേഹവും ലോകത്തിന് തന്നെ മാതൃകയാണ്” എന്നും കമന്റുകളിൽ ആളുകൾ കുറിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ പോസ്റ്റ് കാണുകയും പങ്കുവെക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts