ബെംഗളൂരു : ബംഗളൂരുവിലെ ബാനസവാടിയിൽ രണ്ട് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും കുടുംബസുഹൃത്തും പരസ്പരവിരുദ്ധമായ മൊഴികളും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചതോടെയാണ് മരണം വിവാദമായത്. ബാനസവാടി ഇന്ദിരാ സ്ട്രീറ്റിൽ താമസിക്കുന്ന ജെയ്‌സൺ ആന്റണി-റോസ്‌ലിൻ ദമ്പതികളുടെ മകൾ കാർലെറ്റ് ഡെയ്‌സി (2) ആണ് മരിച്ചത്.
കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് മാതാപിതാക്കൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ദമ്പതികളുടെ സുഹൃത്തായ സമൃദ്ധി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. കുട്ടിയുടെ അമ്മ റോസ്‌ലിൻ മകളെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും, താൻ ഇതിന് നേരിട്ട് സാക്ഷിയാണെന്നും പരാതിക്കാരി ആരോപിച്ചു. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമല്ലെന്നും സമൃദ്ധി പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) സെക്ഷൻ 194(4) പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് ബാനസവാടി പൊലീസ് അന്വേഷണം തുടങ്ങി.
കുഞ്ഞിന് ജനനം മുതൽ ശ്വാസതടസ്സമുണ്ടായിരുന്നുവെന്നാണ് പിതാവ് ജെയ്‌സൺ ആന്റണി പൊലീസിന് നൽകിയ മൊഴി. കുഞ്ഞിനെ മർദ്ദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജെയ്‌സൺ, സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും കൂട്ടുകാരന്റെ വീട്ടിലായിരുന്നപ്പോൾ അയൽക്കാരാണ് വിവരം അറിയിച്ചതെന്നും പറഞ്ഞു. എന്നാൽ, തന്റെ ഭാര്യ മുൻപ് ചൂടുവെള്ള ബാഗ് കൊണ്ട് കുഞ്ഞിനെ അടിച്ചിട്ടുണ്ടെന്ന് ജെയ്‌സൺ ആരോപിച്ചു. അതേസമയം, കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അമ്മ റോസ്‌ലിൻ കുഞ്ഞിന് മുതിർന്നവർ കഴിക്കുന്ന ചുമയ്ക്കുള്ള സിറപ്പ് പതിവായി നൽകാറുണ്ടായിരുന്നുവെന്നും പരാതിക്കാരിയായ സമൃദ്ധി ആരോപിച്ചു. കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും, അബോധാവസ്ഥയിലായ കുഞ്ഞിന് താനുൾപ്പെടെയുള്ളവർ ചേർന്ന് സി.പി.ആർ നൽകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സമൃദ്ധി കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച അമ്മ റോസ്‌ലിൻ, ഭർത്താവിന്റെ സുഹൃത്തായ സമൃദ്ധിയാണ് കുഞ്ഞിനെ മർദ്ദിച്ചതെന്ന് ആരോപിച്ചു. സമൃദ്ധി വരുത്തിയ പരിക്കുകളാണ് മകൾക്ക് സംഭവിച്ചതെന്നും തന്റെ മകളുടെ മരണത്തിന് നീതി വേണമെന്നും റോസ്‌ലിൻ ആവശ്യപ്പെട്ടു. ഇരുവിഭാഗവും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെ കേസ് സങ്കീർണ്ണമായ അവസ്ഥയിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അതിനുശേഷമായിരിക്കും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
