ബെംഗളൂരു: ചിപ്സ് പാക്കറ്റിനൊപ്പം ലഭിച്ച പ്ലാസ്റ്റിക് പന്ത് വിഴുങ്ങിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരൻ ദാരുണമായി മരിച്ചു. മൈസൂരു ഹുൻസൂർ താലൂക്കിലെ ഗൗരിപുരയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂറാണ് മരിച്ചത്.
ചിപ്സ് പാക്കറ്റിൽ സൗജന്യ സമ്മാനമായി ലഭിച്ച പന്ത് കളിക്കുന്നതിനിടെ കുട്ടി വിഴുങ്ങുകയായിരുന്നു. തുടർന്ന് പന്ത് തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.
ഉടൻ തന്നെ കുട്ടിയെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബിളികെരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
