ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ബെംഗളൂരു : ലിവിങ് ടുഗെദർ പങ്കാളിയായ വനിതാ അഭിഭാഷകയുടെ അഞ്ചുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ നാൽപ്പതുകാരൻ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽപോയ കുട്ടിയുടെ അമ്മയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സീഗേഹള്ളി സ്വദേശിയായ മോഹൻ ജി.എം ആണ് കാടുഗോഡി പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്കയുമായി ഇയാൾ ലിവിങ് ടുഗെദർ പങ്കാളിത്തത്തിലായിരുന്നു. കുട്ടിയുടെ കറുത്ത ചർമ്മനിറത്തിൽ അമ്മ പ്രിയങ്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 25-നാണ് പ്രിയങ്കയുടെ മകൾ വെന്നില ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രിയങ്ക തന്റെ ഭർത്താവ് പ്രവീണുമായി വിവാഹമോചനം നേടുന്നതിനായുള്ള നിയമനടപടികൾ ആരംഭിച്ച ശേഷമാണ് മകൾ വെന്നിലയോടൊപ്പം സീഗേഹള്ളിയിലെ ഒരു വില്ലയിൽ താമസം തുടങ്ങിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രിയങ്ക തന്റെ കോളേജ് സുഹൃത്തായ മോഹനോടൊപ്പമാണ് ഇവിടെ ജീവിച്ചിരുന്നത്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മകളുടെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയായ പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് നൽകിയിരുന്നത്. ബിരിയാണി കഴിച്ചതിനെത്തുടർന്ന് കുട്ടിക്ക് അസുഖം ബാധിച്ചെന്നാണ് ഒരു തവണ പറഞ്ഞത്. എന്നാൽ മറ്റൊരു മൊഴിയിൽ താൻ കഫേയിൽ പോയ സമയത്ത് എയർകണ്ടീഷണർ ഓൺ ചെയ്ത് കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയിരുന്നതായും പ്രിയങ്ക അവകാശപ്പെട്ടു.

സംശയത്തെത്തുടർന്ന് കുട്ടിയുടെ പിതാവ് പ്രവീൺ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈപ്പറ്റുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയുമായിരുന്നു. ഈ റിപ്പോർട്ടിന്റെയും പ്രവീണിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രിയങ്കയ്ക്കും മോഹനുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ ശാരീരിക മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് ചോര വന്നിട്ടുണ്ടായിരുന്നെന്നും, ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതിനെത്തുടർന്ന് അടിവയറ്റിൽ രക്തം കട്ടപിടിച്ചിരുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

നിലവിൽ കസ്റ്റഡിയിലുള്ള മോഹനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ദാവൻഗെരെ ജില്ലയിലെ ഹരിഹരയിൽ സ്വന്തമായി സ്കൂൾ നടത്തുന്നയാളാണ് കുട്ടിയുടെ പിതാവായ പ്രവീൺ. 18 വർഷം മുൻപായിരുന്നു പ്രവീണും പ്രിയങ്കയും തമ്മിലുള്ള വിവാഹം. ഇവർക്ക് 17 വയസ്സുള്ള മറ്റൊരു മകൾ കൂടിയുണ്ട്. ഈ കുട്ടി നിലവിൽ പ്രവീണിനൊപ്പമാണ് താമസം.

ഹൊസ്കോട്ടെയ്ക്ക് സമീപമുള്ള പ്രിയങ്കയുടെ മാതാപിതാക്കളുടെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക മോഹനുമായി സമ്പർക്കത്തിലാകുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്ന മോഹൻ ഈ സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് ഏൽക്കുകയായിരുന്നു. ഈ കാലയളവിലാണ് ഇരുവരും അടുത്തതും ഒരുമിച്ച് യാത്രകൾ ചെയ്യാൻ തുടങ്ങിയതും. മോഹൻ പ്രിയങ്കയുടെ പഴയ കാമുകനാണെന്ന് ഒരിക്കൽ പ്രിയങ്ക തന്നെ തന്നോട് പറഞ്ഞിരുന്നതായും പ്രവീൺ വെളിപ്പെടുത്തി. ഇതറിഞ്ഞ ശേഷം പ്രവീൺ മോഹനെ ഫോണിൽ വിളിച്ച് തന്റെ ഭാര്യയിൽ നിന്ന് അകന്നുനിൽക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts