ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്.
ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചരിത്രത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ വിശേഷണം കര്‍ണാടക സര്‍ക്കാര്‍ നേരത്തെ നീക്കിയിരുന്നു.
കുട്ടികള്‍ വിശേഷണങ്ങള്‍ പഠിക്കേണ്ടതില്ലെന്നും, ചരിത്രം പഠിച്ചാല്‍ മതിയെന്നുമായിരുന്നു കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന്റെ വിശദീകരണം.
അതേ സമയം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ടിപ്പുവിന്റെ പേര് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് സാഹേബ് സാദാ മന്‍സൂര്‍ അലിയും കുടുംബവും നല്‍കുന്നത്. വിവാദങ്ങള്‍ക്ക് വേണ്ടി ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങള്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തി എന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പുവിന്റെ പേര് എന്നും വിവാദ വിഷയമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാകുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കുടുംബം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.