ബെംഗളൂരു: ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വികസന പദ്ധതികൾക്കും നിർമ്മാണ അനുമതികൾക്കും വേണ്ടത്ര അംഗീകാരം ലഭിക്കാത്തത് മേഖലയെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നു. ഡെവലപ്‌മെന്റ് പ്ലാനുകൾ, ലാൻഡ് യൂസ് മാറ്റൽ (CLU), കെട്ടിട നിർമ്മാണ പ്ലാനുകൾ, ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകൾ (OC) എന്നിവയ്ക്കുള്ള അപേക്ഷകളിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (GBA) നഗരവികസന വകുപ്പും (UDD) തീരുമാനമെടുക്കാത്തതാണ് തിരിച്ചടിയാകുന്നത്. ഏതാനും നിർമ്മാതാക്കളെ മാത്രമല്ല, മേഖലയെ ആകമാനം ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
കെട്ടിട നിർമ്മാണ പ്ലാനുകളും ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകളും ജി.ബി.എ. വഴിയും, ഭുമിയുടെ തരംമാറ്റ അപേക്ഷകൾ നഗരവികസന വകുപ്പ് വഴിയുമാണ് നൽകുന്നത്. നിലവിൽ രണ്ട് തലങ്ങളിലും അപേക്ഷകൾ വൻതോതിൽ കെട്ടിക്കിടക്കുകയാണ്. ജോലി വിഭജനത്തിലെ വ്യക്തതക്കുറവാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. എന്നാൽ, മറ്റ് പ്രധാന ഏജൻസികളായ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA), ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (BMRDA) എന്നിവ കൃത്യസമയത്ത് തന്നെ അപേക്ഷകളിൽ തീരുമാനമെടുക്കുന്നുണ്ട്. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയും ഭരണതലത്തിലെ മാറ്റങ്ങളുമാണ് വൈകലിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
അനുമതികൾ വൈകുന്നത് മൂലം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉപഭോക്താക്കൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകൾ കൈമാറാനും നിർമ്മാതാക്കൾക്ക് സാധിക്കുന്നില്ല. ഫ്ലാറ്റുകളുടെ ഇ-ഖാത്ത ലഭിക്കുന്നതിനും കെട്ടിടങ്ങൾ വാങ്ങിയവർക്ക് കൈമാറുന്നതിനും ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. ടൗൺ പ്ലാനിങ് വിഭാഗം അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു മാസമായി അവന്മേൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ബിൽഡർമാരുടെ പരാതി.
മുൻപ് കേന്ദ്രീകൃത ഓഫീസിലൂടെയാണ് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നതെങ്കിൽ, നിലവിൽ അത് അഞ്ച് കോർപ്പറേഷനുകളിലായി വിഭജിച്ചതും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഓരോയിടത്തും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. മുൻപ് ബി.ഡി.എ. കൈകാര്യം ചെയ്തിരുന്ന ആസൂത്രണ ചുമതലകൾ ജി.ബി.എ. ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
അതേസമയം, രേഖകളിൽ അപൂർണ്ണതയുള്ള കേസുകളിൽ മാത്രമാണ് താമസം നേരിടുന്നതെന്നും പൊതുവായ പ്രതിസന്ധിയില്ലെന്നുമാണ് ജി.ബി.എ. ടൗൺ പ്ലാനിങ് അഡീഷണൽ ഡയറക്ടർ ബി. എൻ. ഗിരീഷിന്റെ വിശദീകരണം. എന്നാൽ ഇത് വ്യക്തിഗത പ്രശ്നമല്ലെന്നും വ്യാപകമായി നേരിടുന്ന വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായ് (CREDAI) വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
