മജസ്റ്റിക്കിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്നവരാണോ? കയ്യിൽ കുറച്ച് ‘എക്സ്ട്രാ സമയം’ കരുതാം; ഈ റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിരോധനം

ബെംഗളൂരു: റോഡ് വികസനത്തിന്റെ ഭാഗമായുള്ള വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് സെൻട്രൽ ബെംഗളൂരുവിലെ മൗര്യ സർക്കിൾ ജംഗ്ഷനിൽ നിന്ന് റേസ് കോഴ്സ് റോഡിലേക്കുള്ള ഗതാഗതം അടച്ചു. പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ടുമാസമെടുക്കുമെന്നതിനാൽ ഈ ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

മൗര്യ സർക്കിൾ ജംഗ്ഷൻ മുതൽ പഴയ കോൺഗ്രസ് ഓഫീസ് വരെയുള്ള റോഡിലാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ.സി.ബി, ബുൾഡോസറുകൾ, വാട്ടർ ടാങ്കറുകൾ എന്നിവ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. മജസ്റ്റിക്കിൽ നിന്ന് റേസ് കോഴ്സ് റോഡ്, ചാലൂക്യ സർക്കിൾ, വിധാന സൗധ, മല്ലേശ്വരം, ശേഷാദ്രിപുരം എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്.

റോഡ് അടച്ചതോടെ ചുറ്റുമുള്ള റോഡുകളിൽ തിരക്ക് വർദ്ധിക്കുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. മജസ്റ്റിക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ആനന്ദ് റാവു സർക്കിൾ ഫ്ലൈഓവർ വഴി റേസ് കോഴ്സ് റോഡിലേക്ക് തിരിഞ്ഞുപോകണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസുകാരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി റോഡ് പൂർണ്ണമായി തുറന്നുകൊടുക്കാനാണ് സിവിക് അതോറിറ്റിയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts