ബെംഗളൂരു: അനുചിതമായ മാലിന്യ സംസ്കരണത്തിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലും ഏർപ്പെട്ടിരുന്ന പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ബെംഗളൂരു സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വൻതോതിലുള്ള പരിശോധന നടത്തി. മുനിസിപ്പൽ കമ്മീഷണർ കെ.എൻ. രമേശിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി ആകെ 1,25,839 രൂപ പിഴ ഈടാക്കി.
ഹൊസൂർ റോഡിലുള്ള പിവിആർ സിനിമാസ് നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശരിയായി വേർതിരിക്കാത്തതിന് 50,000 രൂപയും, നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 25,000 രൂപയും ഉൾപ്പെടെ ആകെ 75,000 രൂപ പിഴയൊടുക്കേണ്ടി വന്നു. പരിശോധനയിൽ കനകപുര റോഡിലെ ഷോപ്പ് വെൽ സൂപ്പർമാർക്കറ്റിന് സമീപം എസ്ടിപി മാലിന്യം അനധികൃതമായി തള്ളുന്നതായി കണ്ടെത്തുകയും ചെയ്തു. ഈ മാലിന്യം കനകപുര റോഡിലെ ഫോറം മാളിന്റേതാണെന്ന് ജീവനക്കാർ സമ്മതിച്ചതിനെ തുടർന്ന് ഫോറം മാൾ അധികൃതർക്ക് 50,839 രൂപ പിഴ ചുമത്തുകയും തുക സ്ഥലത്തുതന്നെ ഈടാക്കുകയും ചെയ്തു.
വാണിജ്യ സ്ഥാപനങ്ങൾ നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ നിർബന്ധമായും വേർതിരിക്കണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ഒരു കാരണവശാലും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന മാളുകൾ, സിനിമാശാലകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ലംഘനം നടത്തുന്നവർക്കെതിരെ മടികൂടാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ കെ.എൻ. രമേശ് ഖടക് മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]