ഗൗരി-ഗണേശ ഉത്സവ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 23 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ സിഎ ബിരുദധാരി ലോഡ്ജ് മുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. സക്ലേഷ്പൂർ താലൂക്കിലെ ഹിരിയൂർ കുഡിഗെയിലുള്ള ലോഡ്ജിലാണ് സംഭവം. നാഗസാന്ദ്ര സ്വദേശിനിയായ യുവതി സുഹൃത്തുക്കൾക്കൊപ്പം യാത്രയ്ക്കെത്തി ലോഡ്ജ് മുറിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ സക്ലേഷ്പൂർ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളായ രഘു, ദർശൻ എന്നിവരാണ് സംഭവസമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജ് മുറിയിലെ ബാത്ത്റൂമിൽ പോയ സമയം യുവതിക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നുവെന്നും, ഗ്യാസ് ഗീസറിൽ നിന്ന് പുറത്തുവന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതാകാം മരണകാരണമെന്നുമാണ് ഇവർ പറയുന്നത്. ഉടൻ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സക്ലേഷ്പൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തി. രണ്ട് പെൺസുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പം കാറിലാണ് യാത്ര പോകുന്നതെന്നാണ് മകൾ പറഞ്ഞിരുന്നതെന്നും എന്നാൽ പെൺകുട്ടികൾ യാത്രയിൽ ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇലക്ട്രിക് ഓട്ടോയിലാണ് മകൾ രണ്ട് യുവാക്കൾക്കൊപ്പം പോയതെന്നും മരണത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
യുവതിയുടെ ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്ന് ഹാസൻ എസ്പി ശുഭൻവിത അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എച്ച്ഐഎംഎസിൽ വെച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായും റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവരും താമസിച്ചിരുന്ന ലോഡ്ജിന്റെ ലൈസൻസ് സംബന്ധിച്ചും പോലീസിന് സംശയങ്ങളുള്ളതിനാൽ ഇതേക്കുറിച്ചും അന്വേഷണം നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരികയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]