പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ തന്നെ, പാർട്ടിക്കകത്ത് ഉയർന്ന എതിർപ്പുകൾ വിജയിച്ചില്ല

ബെംഗളൂരു: സംസ്ഥാനഘടകത്തിലെ ഒരുവിഭാഗം നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് സിദ്ധരാമയ്യയെ നാമനിർദേശംചെയ്തത്. നിയമസഭയിലെ പ്രതിപക്ഷനേതാവായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് കേന്ദ്രനേതൃത്വം നിശ്ചയിച്ചു.

സംസ്ഥാനത്തെ 60-ഓളം മുതിർന്ന നേതാക്കളിൽനിന്ന്‌ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ട്രി അഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുത്തത്.

മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, ജി. പരമേശ്വര എന്നിവരെയും പ്രതിപക്ഷനേതൃസ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. എന്നാൽ, എം.എൽ.എ.മാരിൽ ഭൂരിഭാഗംപേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു.

കോൺഗ്രസ് നിയമസഭാകക്ഷിനേതാവും സിദ്ധരാമയ്യയാണ്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ വീണശേഷം പാർട്ടിക്കകത്ത് സിദ്ധരാമയ്യയ്ക്കെതിരേ നടന്ന നീക്കങ്ങളെല്ലാം ഇതോടെ പരാജയപ്പെട്ടു.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയായിരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രനേതൃത്വം നൽകുന്നത്. മുതിർന്നനേതാവ് എച്ച്‌.കെ. പാട്ടീൽ നേതൃസ്ഥാനത്തിനായി ശക്തമായ സമ്മർദം ചെലുത്തിയിരുന്നു.

വർഷങ്ങളോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ മാറ്റിനിർത്തരുതെന്ന വാദമാണ് മുതിർന്നനേതാക്കൾ ഉന്നയിച്ചത്. മുതിർന്ന നേതാക്കളായ ബി.കെ. ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ, ജി. പരമേശ്വര എന്നിവരുടെ പിന്തുണയോടെയാണ് സിദ്ധരാമയ്യയ്ക്കെതിരേ നീക്കംനടന്നത്.

എന്നാൽ, ജനങ്ങൾക്കിടയിലുള്ള സ്വാധീനമാണ് സിദ്ധരാമയ്യയ്ക്ക് അനുകൂലമായത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ വീഴാൻകാരണം സിദ്ധരാമയ്യയാണെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ ആരോപണം.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ചില മുതിർന്നനേതാക്കൾ തോറ്റതിന്റെ ഉത്തരവാദിത്വവും സിദ്ധരാമയ്യയ്ക്കാണെന്നും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കേന്ദ്രനേതൃത്വം തയ്യാറായില്ല. പിന്നാക്കവിഭാഗമായ കുറുമ്പ സമുദായ അംഗമായ സിദ്ധരാമയ്യ ദളിത്, പിന്നാക്ക കൂട്ടായ്മയായ ‘അഹിന്ദ’യുടെ നേതാവുകൂടിയാണ്. പിന്നാക്കവിഭാഗങ്ങളെ പിണക്കി മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവും തീരുമാനത്തിനുപിന്നിലുണ്ടെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts