കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ ‘ശത്രുക്കൾ’ കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷമില്ലാതെ പ്രതിസന്ധിയിലായതോടെ, സംസ്ഥാനത്തെ പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുന്ന പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതായാണ് സൂചന. അസംഭവ്യമെന്ന് കരുതിയിരുന്ന ഈ ‘ഫോൾബാക്ക്’ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ബുധനാഴ്ച രാത്രിയോടെയാണ് സജീവമായത്.

സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് മുൻപ് കേവല ഭൂരിപക്ഷമായ 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ കർശന നിലപാട് സ്വീകരിച്ചതാണ് വിജയ്‌യുടെ നീക്കങ്ങൾക്ക് തിരിച്ചടിയായത്. 233 അംഗ സഭയിൽ ടി.വി.കെയ്ക്ക് 108 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് ഒന്ന് ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്നതോടെ പാർട്ടിയുടെ സീറ്റ് നില 107 ആയി കുറയും. ഇതോടെ ഭൂരിപക്ഷത്തിന് ആവശ്യമായ 10 സീറ്റുകൾ കൂടി കണ്ടെത്തേണ്ട വെല്ലുവിളിയാണ് വിജയ്‌ക്ക് മുന്നിലുള്ളത്.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

വിജയ്‌യെ പിന്തുണച്ച കോൺഗ്രസിന്റെ നിലപാട് സംസ്ഥാന രാഷ്ട്രീയത്തിലെ സഖ്യസാധ്യതകളെ അപ്പാടെ മാറ്റിമറിച്ചു. ടി.വി.കെയെ പിന്തുണയ്ക്കാനായി കോൺഗ്രസ് ഡി.എം.കെയുമായുള്ള ദീർഘകാല സഖ്യം ഉപേക്ഷിച്ചുവെങ്കിലും, ഇത് മറ്റ് ചെറുകക്ഷികളെ വിജയ്‌യിൽ നിന്ന് അകറ്റുന്നതിനാണ് കാരണമായത്. കോൺഗ്രസ് പിന്തുണയുള്ള ടി.വി.കെ സർക്കാരിനെ സഹായിക്കരുതെന്ന് എൻ.ഡി.എ കേന്ദ്ര നേതൃത്വം നൽകിയ നിർദ്ദേശത്തെത്തുടർന്ന് പി.എം.കെ, എ.എം.എം.കെ തുടങ്ങിയ പാർട്ടികൾ പിൻവാങ്ങി. ഇതോടെ ഒറ്റപ്പെട്ട വിജയ്‌യെ തടയാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അണിയറയിൽ ചർച്ചകൾ ആരംഭിക്കുകയായിരുന്നു.

പുതിയ ധാരണയനുസരിച്ച്, എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കുകയും ഡി.എം.കെ പുറത്തുനിന്ന് പിന്തുണ നൽകുകയുമാണ് ആലോചിക്കുന്നത്. 59 സീറ്റുകളുള്ള ഡി.എം.കെയും 47 സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെയും ചേരുമ്പോൾ ആകെ 106 സീറ്റുകളാകും. ഇതോടൊപ്പം ഇടത് പാർട്ടികളും വി.സി.കെയും പി.എം.കെയും അടക്കമുള്ള ചെറുകക്ഷികളെ കൂടി ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെ തങ്ങളുടെ 50 എം.എൽ.എമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഡി.എം.കെ ക്യാമ്പിൽ നിന്നുണ്ടാകുന്നത്. രാഹുൽ ഗാന്ധി എം.കെ. സ്റ്റാലിനെ വിളിച്ച് പിന്തുണ ഉറപ്പുനൽകിയതിന് തൊട്ടുപിന്നാലെ വിജയ്‌യെ പിന്തുണച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ഡി.എം.കെ നേതാക്കൾ ആരോപിക്കുന്നു. ഡി.എം.കെ വോട്ടർമാരുടെ സഹായത്താൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ഇപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞതിലുള്ള രോഷം ശക്തമാണ്.

ഗവർണർ വ്യാഴാഴ്ച കേരളത്തിലേക്ക് പോകാനിരിക്കെ, അതിനുമുൻപ് ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് സാധിച്ചില്ലെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയം വലിയ അട്ടിമറികൾക്ക് സാക്ഷ്യം വഹിക്കും. വിജയ് പരാജയപ്പെടുകയാണെങ്കിൽ എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി പുതിയ സഖ്യസർക്കാർ അധികാരമേൽക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്. വരും ദിവസങ്ങളിലെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ യോഗങ്ങൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts